നടപടിയൊന്നുമില്ല; മുസ്ലിം വിദ്വേഷം പ്രസംഗിച്ച ജസ്റ്റിസ് യാദവ് വിരമിച്ചു
text_fieldsന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്ത് ചടങ്ങിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് വിരമിച്ചു.
പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ എം.പിമാർ കുറ്റവിചാരണ പ്രമേയ അവതരണ നോട്ടീസ് നൽകി വർഷം പിന്നിട്ടിട്ടും ഒരു നടപടിയും നേരിടാതെയാണ് ജസ്റ്റിസ് യാദവ് കാലാവധി പൂർത്തിയാക്കി ഔദ്യോഗികമായി വിരമിച്ചത്. ‘‘ഈ രാജ്യം ‘ഹിന്ദുസ്ഥാൻ’ ആണെന്ന് പറയാൻ എനിക്ക് ഒരു ശങ്കയുമില്ല. ഇവിടെ ജീവിക്കുന്ന ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ചാണ് ഈ രാജ്യം ചലിക്കുക. ഈ ‘കഠ്മുല്ല’യുണ്ടല്ലോ (മുസ്ലിംകളെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്ക്) അവർ ഈ രാജ്യത്തിന് അപകടകരമാണ്. അവർ രാജ്യത്തിനും ജനങ്ങൾക്കും ഉപദ്രവകരമാണ്. പൊതുജനത്തെ ഇളക്കിവിടുന്നവരാണ്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കാത്ത ഇത്തരമാളുകളെ കരുതിയിരിക്കണം. മുസ്ലിംകൾ നിരവധി ഭാര്യമാർ വേണമെന്നത് അവകാശമായി കരുതുന്നവരാണ്’’ എന്നിങ്ങനെയായിരുന്നു സിറ്റിങ് ജഡ്ജിയായിരിക്കെ യാദവ് നടത്തിയത്.
അതേസമയം, താൻ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും യാഥാർഥ്യങ്ങൾ വളച്ചൊടിച്ചവരാണ് എല്ലാ വിവാദങ്ങൾക്കും ഉത്തരവാദികളെന്നും കഴിഞ്ഞ ദിവസം നടന്ന വിരമിക്കൽ ചടങ്ങിൽ ജസ്റ്റിസ് യാദവ് അവകാശപ്പെട്ടു. സഹപ്രവർത്തകരുടെയും അഭിഭാഷകരുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ താൻ മാനസികമായി തകർന്നുപോകുമായിരുന്നുവെന്നും ജസ്റ്റിസ് യാദവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

