ന്യൂഡൽഹി: ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമല്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ. സ്വമേധയാ ആധാർ നൽകിയിട്ടുണ്ടെങ്കിൽ, ഒരു രേഖയിലും അത് കാണിക്കേണ്ടതില്ല. ജനന മരണ ഡേറ്റയുടെ ഭാഗമായി സൂക്ഷിക്കേണ്ടതുമില്ല.
വിശാഖപട്ടണത്തെ അഭിഭാഷകനായ എം.വി.എസ് അനിൽ കുമാർ നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് രജിസ്ട്രാർ ജനറൽ ഇക്കാര്യം വ്യക്തമാക്കുന്നത്.
1969ലെ ജനന മരണ രജിസ്ട്രേഷൻ നിയമ പ്രകാരമാണ് ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നത്. ഇത് കേന്ദ്ര നിയമമാണ്. ആധാർ ഉപയോഗിക്കുന്നതിന് ഈ നിയമത്തിൽ ഭേദഗതി വരുത്തിയിട്ടില്ല.
നിയമവ്യവസ്ഥകൾ നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാറുകളാണെന്നും രജിസ്ട്രാർ ജനറൽ വിശദീകരിച്ചു.