നിതീഷിന്റെ മകൻ മന്ത്രിസഭയിൽ;ബിഹാറിൽ 32 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു
text_fieldsപട്ന: സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ഉൾപ്പെടെ 32പേരുമായി ബിഹാർ മന്ത്രിസഭാ വിപുലീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. 2005 മുതൽ പത്തു തവണ ബിഹാർ മുഖ്യമന്ത്രിയായ ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ ഏപ്രിലിൽ രാജിവെക്കുകയും, ബി.ജെ.പിയുടെ സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് മന്ത്രിസഭ വിപുലീകരിക്കുന്നത്.
ഗവർണർ ലഫ്. ജനറൽ സയ്യിദ് അത്താ ഹസ്നൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 243 അംഗ സഭയിൽ 89 എം.എൽ.എമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയിൽ നിന്ന് 15 മന്ത്രിമാരുണ്ട്. ജെ.ഡി.യുവിന്റെ 13 മന്ത്രിമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ഏപ്രിലിൽ സ്ഥാനമേറ്റ് രണ്ടു ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെ 15 മന്ത്രിമാരാണ് പാർട്ടിക്കുള്ളത്. ഘടക കക്ഷികളിൽ നിന്ന് അഞ്ചുപേർ ഉൾപ്പെടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 35 ആയി മാറി.
നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് രാജ്യസഭാ അംഗമാവുന്നതിനു മുന്നോടിയായി മാർച്ചിലാണ് 50കാരനായ മകൻ നിശാന്ത് കുമാർ രാഷ്ട്രീയത്തിലിറങ്ങുന്നത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ പിതാവിന്റെ അനുഗ്രഹം വാങ്ങിയാണ് നിശാന്ത് മന്ത്രിസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ മന്ത്രിസഭയുടെ ഭാഗമാവാനുള്ള നിർദേശം നിരസിച്ച നിശാന്ത് സദ്ഭവ് യാത്ര എന്ന പേരിൽ സംസ്ഥാന പര്യടനം ആരംഭിച്ച ശേഷമാണ് സ്ഥാനമേൽക്കാൻ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

