യുവതിയുടെ വോട്ടർ ഐ.ഡിയിൽ നിതീഷ് കുമാറിന്റെ ചിത്രം! ചോദ്യ ശരങ്ങളുമായി തൃണമൂൽ; ഒന്നിനും ഉത്തരമില്ലാതെ തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: ബീഹാറിലെ മധേപുര ജില്ലയിലെ ഒരു സ്ത്രീക്ക് നൽകിയ വോട്ടർ ഐ.ഡി കാർഡിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ചിത്രം! സംഭവം പ്രതിപക്ഷ നിരയിൽ കടുത്ത അമ്പരപ്പും പ്രതിഷേധവുമുയർത്തി. തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിൽ സംഭവത്തെ നടുക്കമുണ്ടാക്കുന്നതും ലജ്ജാകരവുമായ തെറ്റ് എന്ന് വിശേഷിപ്പിച്ചു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ നിശബ്ദതയും നിഷ്‌ക്രിയത്വവും പുലർത്തിയെന്നും ആരോപിച്ചു.
വിചിത്രവും തെറ്റായതുമായ വോട്ടർ ഐ.ഡികളുടെ സമാനമായ റിപ്പോർട്ടുകൾ സംസ്ഥാനങ്ങളിൽ നിന്ന് ഒഴുകിയെത്തുന്നു. തെരഞ്ഞെടുപ്പ് കമീഷൻ ഒന്നും ചെയ്യുന്നില്ല. ഞങ്ങൾ ഉത്തരങ്ങൾ ആവശ്യപ്പെടുന്നു. ഇത് ഗുരുതരമായ ഭരണപരമായ അവഗണനയാണ് -നിശിത ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൃണമൂൽ പോസ്റ്റ് ചെയ്തു.
കമീഷന്റെ മേൽനോട്ടമുണ്ടായിട്ടും എങ്ങനെയാണ് ഇത്രയും ഗുരുതരമായ തെറ്റുകൾ സംഭവിക്കുന്നത്? എത്ര തെറ്റായ വോട്ടർ ഐ.ഡികൾ പ്രചാരത്തിലുണ്ടാകാം? ഏതൊക്കെ സംസ്ഥാനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്? ഈ പിശകുകൾ കാരണം മുൻ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടിട്ടുണ്ടോ? സാഹചര്യം ശരിയാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സാധാരണ പൗരന്മാർക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കമീഷൻ എന്തു പദ്ധതിയാണിട്ടതെന്നും പാർട്ടി ചോദിച്ചു.
വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണത്തിനെതിരെ മാധേപുരയിൽ നടന്ന പൊതുജന പ്രതിഷേധത്തിനിടെയാണ് സംഭവം പുറത്തുവന്നത്. ചന്ദൻ കുമാർ എന്നയാൾ തന്റെ ഭാര്യയുടെ വോട്ടർ ഐ.ഡി കാർഡ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ ജയ്പാൽപട്ടി പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ ഒന്നടങ്കം അമ്പരന്നു.
വിവാദത്തിന്റെ കേന്ദ്രബിന്ദുവായ യുവതി 20 വയസ്സുള്ള അഭിലാഷ കുമാരിയാണെന്ന് തിരിച്ചറിഞ്ഞു. തെറ്റായ കാർഡ് തങ്ങളെ അസ്വസ്ഥപ്പെടുത്തിയെന്ന് അവരുടെ ഭർത്താവ് പറഞ്ഞു. ഒരു സാധാരണക്കാരന്റെ ഫോട്ടോയാണെങ്കിൽ അത് തെറ്റാണെന്ന് മനസ്സിലാക്കാം. പക്ഷേ, ഒരു മുഖ്യമന്ത്രിയുടെ തന്നെ ഫോട്ടോ എന്റെ ഭാര്യയുടെ ഐ.ഡിയിൽ എങ്ങനെ സ്ഥാപിക്കാൻ കഴിയും?- അമ്പരപ്പോടെ അദ്ദേഹം ആവർത്തിച്ചു.
ബിഹാറിലെ വോട്ടർ ഐ.ഡി കാർഡുകൾ കർണാടകയിലാണ് അച്ചടിക്കുന്നതെന്നാണ് ഡെപ്യൂട്ടി ഇലക്ഷൻ ഓഫിസർ ജിതേന്ദ്ര കുമാർ പറയുന്നത്. ഓൺലൈനായോ സബ് ഡിവിഷണൽ ഓഫിസറുടെ ഓഫിസിലോ ഫോം 8 സമർപ്പിച്ചുകൊണ്ട് പിശക് തിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിന് ഉത്തരവിട്ടതായി മധേപുര ജില്ലാ മജിസ്ട്രേറ്റ് തരൺജോത് സിങ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ഐ.ഡിക്കുള്ള എൻട്രി 2024 ജനുവരി 7 നാണ് നടത്തിയത്. എൻട്രി ചെയ്ത ബി.എൽ.ഒയെ നീക്കം ചെയ്യുകയും വിശദീകരണം തേടുകയും ചെയ്തിട്ടുണ്ടെന്നും സിങ് പറഞ്ഞു. തെറ്റ് മനഃപൂർവമാണോ എന്ന് ചോദിച്ചപ്പോൾ വിശദീകരണം നൽകാൻ ബി.എൽ.ഒക്ക് ഒരാഴ്ച സമയം നൽകിയിട്ടുണ്ടെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

