പാട്ന: രാം നവമി ആഘോഷങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തകർന്ന ഗുദ്രി പള്ളിയും റോസെരയിലെ സിയാ ഉള്‍ ഉലൂം മദ്രസയും പുതുക്കിപ്പണിയാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഫണ്ട് അനുവദിച്ചു. വർഗീയ കലാപത്തെ തുടർന്ന് തകർക്കപ്പെട്ട സമസ്തിപൂര്‍ ഡിവിഷനിലെ പള്ളിയുടെ അറ്റകുറ്റപ്പണിക്കായി 2.13 ലക്ഷം രൂപയാണ് ആഭ്യന്തരവകുപ്പ് അനുവദിച്ചത്. രാംനവമി ആഘോഷത്തിനിടെ അക്രമികള്‍ മദ്രസകള്‍ തകര്‍ക്കുകയും അകത്തു കയറി സാധനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.
ആഘോഷത്തിനിടെ ഒൗറംഗാബാദിൽ കത്തിക്കപ്പെട്ട കടകൾക്ക് 25 ലക്ഷം രൂപയും നവാഡ ജില്ലയിലെ കലാപബാധിതരായ ജനങ്ങൾക്ക് 8.5 ലക്ഷവും അനുവദിച്ചു. ഭഗൽപുർ, ഒൗറംഗാബാദ് എന്നിവടങ്ങളിലെ രണ്ട് വിഭാഗങ്ങൾ തമ്മിലാണ് രാംനവമി ദിവസത്തിൽ കലാപമുണ്ടായത്. നവാഡ ജില്ലയിൽ ഹനുമാൻ വിഗ്രഹം തകർക്കപ്പെട്ടതിനെ തുടർന്നായിരുന്നു സംസ്ഥാനത്ത് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് കലാപം പൊട്ടിപ്പുറപ്പെട്ടത്.