'2017ലെ വിജയം ആവർത്തിക്കാൻ ഒരുങ്ങിക്കോളൂ'; യു.പി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യകക്ഷികൾക്ക് നിർദേശം നൽകി നിതിൻ നബിൻ
text_fieldsനിതിൻ നബിൻ
ലഖ്നോ: 2027ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ സഖ്യത്തെ ആവേശഭരിതരാക്കി ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ഉത്തർപ്രദേശിൽ തുടർച്ചയായ മൂന്നാം തവണയും എൻ.ഡി.എ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം ലഖ്നോവിലെ ദ്വിദിന സന്ദർശനത്തിനിടെ ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനാണ് പ്രവർത്തകർക്ക് നിതിൻ നബിൻ നൽകിയിരിക്കുന്ന പ്രധാന നിർദേശം.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികളായ അപ്നാ ദൾ (സോനേലാൽ), സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി), നിഷാദ് പാർട്ടി, രാഷ്ട്രീയ ലോക് ദൾ (ആർ.എൽ.ഡി) തുടങ്ങിയ സഖ്യകക്ഷി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്നും ഏറ്റവും ശക്തരായ സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കുമെന്നും ആർ.എൽ.ഡി ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തിയ ശേഷം, 2017ലെ മികച്ച പ്രകടനം ഇത്തവണയും ആവർത്തിക്കുമെന്ന് പാർട്ടി നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പാർട്ടിയുടെ വിജയത്തിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി.
2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുക എന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിലേക്ക് ഉത്തർപ്രദേശിനെ ഒരു 'ഗ്രോത്ത് എൻജിൻ' ആക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് നിതിൻ നബിൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി യു.പിയിൽ നടപ്പിലാക്കിയ 'ഗുണ്ടാരാജ്', 'മാഫിയ രാജ്' വിമുക്ത ഭരണവും ക്രമസമാധാന പാലനവും വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി ബി.ജെ.പി കാണുന്നു.
2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ദേശീയ സെൻസസും നിയമസഭ തെരഞ്ഞെടുപ്പും തമ്മിലുള്ള സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ബി.ജെ.പി വളരെ നേരത്തെ തന്നെ സംഘടനാപരമായ സജ്ജീകരണങ്ങൾ ആരംഭിച്ചിരിക്കുന്നത്. 'ഉത്തം പ്രദേശ്' എന്ന സ്വപ്നത്തിലേക്ക് ഉത്തർപ്രദേശിനെ നയിക്കുമെന്നും, പ്രതിപക്ഷത്തിന്റെ വംശീയ രാഷ്ട്രീയത്തെയും അഴിമതിയെയും നേരിട്ട് ജനങ്ങളുടെ പിന്തുണയോടെ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും നിതിൻ നബിൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

