പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് ഇനി ഭാവിയുണ്ടാകില്ല; മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി
text_fieldsനിതിൻ ഗഡ്കരി
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ കാലം അവസാനിക്കുകയാണെന്നും ബദൽ ഇന്ധനങ്ങളിലേക്ക് മാറേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ദീർഘകാലാടിസ്ഥാനത്തിൽ ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രസക്തിയുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗളൂരുവിൽ നടന്ന 'ബസ്‌വേൾഡ് ഇന്ത്യ കോൺക്ലേവ് 2025'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി മലിനീകരണവും വർധിച്ചുവരുന്ന ഇന്ധന ഇറക്കുമതി ചെലവുമാണ് പെട്രോളിനും ഡീസലിനും തിരിച്ചടിയാകുന്നത്. ഇതിന് പരിഹാരമായി ബയോ ഫ്യുവൽ, സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലേക്ക് വാഹന നിർമാതാക്കൾ എത്രയും വേഗം മാറണമെന്ന് മന്ത്രി നിർദ്ദേശിച്ചു. നിലവിൽ രാജ്യത്തെ പത്ത് പ്രധാന റൂട്ടുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ്, വോൾവോ, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികൾ ഇന്ത്യയിലെ ഹൈഡ്രജൻ ഇന്ധന പരീക്ഷണങ്ങളിൽ പങ്കാളികളാണ്. എഥനോൾ ഉൽപ്പാദനത്തിൽ ഇന്ത്യക്കുള്ള വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തി ഫ്ലെക്സ്-ഫ്യുവൽ എൻജിനുകളുടെ വികസനത്തിനായി വ്യവസായ മേഖല സജീവമായി രംഗത്തുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 1,50,000 ഇലക്ട്രിക് ബസുകളുടെ ആവശ്യകതയുണ്ടാകും. എന്നാൽ നിലവിലെ ഉൽപ്പാദന ശേഷി പ്രതിവർഷം 70,000 മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനങ്ങളുടെ ഗുണനിലവാരത്തിലും യാത്രക്കാരുടെ സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് മന്ത്രി നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബസുകളുടെ രജിസ്ട്രേഷൻ നടപടികളിലും കർശന നിയന്ത്രണങ്ങളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. നിർമാതാക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തൽ രീതിക്ക് പകരം, ബസുകളുടെ ഫിസിക്കൽ പരിശോധനയുടെ വീഡിയോ അടക്കമുള്ള വിവരങ്ങൾ 'വാഹൻ' (Vahan) പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിലൂടെ മലിനീകരണം കുറക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സാധിക്കുമെന്ന് ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

