'സ്വന്തം ജനതയാൽ അംഗീകരിക്കപ്പെടുന്നവർക്ക് ഒന്നിന് വേണ്ടിയും യാചിക്കേണ്ടി വരില്ല'; വീണ്ടും ഒളിയമ്പുമായി ഗഡ്കരി
text_fieldsനാഗ്പൂർ: ബി.ജെ.പി ദേശീയനേതൃത്വത്തിനെതിരെ വീണ്ടും ഒളിയമ്പുമായി കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. അധികാരം, സമ്പത്ത്, അറിവ്, സൗന്ദര്യം എന്നിവ ഒരാളെ അഹങ്കാരിയാക്കുമെന്നാണ് നിതിൻ ഗഡ്കരിയുടെ വിമർശനം. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു ഗഡ്കരി വിമർശനം ഉന്നയിച്ചത്.
താനാണ് ഏറ്റവും മികച്ചതെന്ന് ഒരാൾ വിചാരിച്ചാൽ ചിലപ്പോൾ അവരുടെ നിലപാടുകൾ മറ്റൊരാൾക്കുമേലുള്ള ആധിപത്യമായി മാറിയേക്കും. സ്വന്തം ജനതയാൽ അംഗീകരിക്കപ്പെട്ടവർക്ക് ഒന്നിന് വേണ്ടിയും ആരുടെയും മേൽ നിർബന്ധം ചെലുത്തേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഞാനാണ് ഏറ്റവും ബുദ്ധിമാനെന്ന് സ്വയം തോന്നിയാൽ അത്തരം ധാർഷ്ട്യം യഥാർഥ നേതൃത്വത്തെ ദുർബലപ്പെടുത്തുമെന്നും ഗഡ്കരി മുന്നറിയിപ്പ് നൽകി. നിങ്ങളുടെ കീഴുദ്യോഗസ്ഥരോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നത് പ്രധാനമാണ്. ബഹുമാനം ആവശ്യപ്പെടരുത്, അത് നേടിയെടുക്കണം. നിങ്ങൾ അത് അർഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അത് ലഭിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
അതേസമയം, നിതിൻ ഗഡ്കരിയുടെ പ്രസ്താവന ബി.ജെ.പി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കുന്നതെന്ന പ്രതികരണവുമായി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി രംഗത്തെത്തി. ബി.ജെ.പി ദേശീയനേതൃത്വത്തെയാണ് ഗഡ്കരി പരോക്ഷമായി വിമർശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര സർക്കാറിന്റെ ‘ലഡ്കി ബഹിൻ' പദ്ധതിയെ പരസ്യമായി നിതിൻ ഗഡ്കരി വിമർശിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാറിന്റെ ഒരു സംരംഭമാണിത്. മറ്റ് മേഖലകളിലെ സബ്‌സിഡികൾ സമയബന്ധിതമായി നൽകുന്നതിനെ ഈ പദ്ധതി തടസ്സപ്പെടുത്തുന്നുവെന്നായിരുന്നു ഗഡ്കരിയുടെ വിമർശനം. ‘നിക്ഷേപകർക്ക് അവരുടെ സബ്‌സിഡി കൃത്യസമയത്ത് ലഭിക്കുന്നുണ്ടോ? ആർക്കറിയാം. ലഡ്കി ബഹിൻ പദ്ധതിക്കും ഞങ്ങൾ പണം നൽകണം!’ എന്നായിരുന്നു വാക്കുകൾ. മുമ്പ് മറ്റ് സബ്‌സിഡികൾക്കായി നീക്കിവച്ചിരുന്ന ഫണ്ടുകൾ ഈയിനത്തിൽ വകമാറ്റപ്പെടുമെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

