കോൺഗ്രസിനെ പ്രകീർത്തിച്ച് നിതിൻ ഗഡ്കരി; കോൺഗ്രസ് ശക്തിപ്പെടേണ്ടതുണ്ടെന്ന്
text_fieldsമുംബൈ: കോൺഗ്രസിനെ പ്രകീർത്തിച്ച് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരി. പ്രാദേശിക കക്ഷികൾ പ്രതിപക്ഷ സ്ഥാനത്തെത്തുന്നത് തടയാൻ കോൺഗ്രസ് ശക്തിപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗഡ്കരി, കോൺഗ്രസുകാർ പാർട്ടിയിൽ ഉറച്ചുനിൽക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.
പുണെയിൽ മാധ്യമ പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് ദുർബലമാകുമ്പോൾ പ്രാദേശിക കക്ഷികളാണ് ആ സ്ഥാനത്തെത്തുന്നത്. ഇത് നല്ല സൂചനയല്ല. പ്രതിപക്ഷം ശക്തമായി നിലനിൽക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണ്.
അതിനാണ്, കോൺഗ്രസ് വീണ്ടും ശക്തിപ്പെടണമെന്നാണ് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നത്. കോൺഗ്രസ് നേതാക്കൾ അവരുടെ ആശയത്തിൽ അടിയുറച്ച് നിൽക്കണം. പാർട്ടിക്കായി പ്രവർത്തിക്കുന്നതിനൊപ്പം പരാജയങ്ങളിൽ നിരാശരാകാതിരിക്കുകയും വേണം -ഗഡ്കരി പറഞ്ഞു.

