ആമസോൺ വനം വാങ്ങാൻ നീക്കം നടത്തി നിത്യാനന്ദയുടെ അനുയായികൾ; നാടുകടത്തി ബൊളീവിയ
text_fieldsന്യൂഡൽഹി: വിവാദ ആൾദൈവം നിത്യാനന്ദയുടെ സ്വയംപ്രഖ്യാപിത രാഷ്ട്രം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ 20 പ്രതിനിധികളെ നാടുകടത്തി ബൊളീവിയ. ആമസോൺ വനം തദ്ദേശീയരായ ആളുകളിൽ നിന്ന് 1000 വർഷത്തേക്ക് പാട്ടത്തിന് വാങ്ങിയ സംഭവത്തിലാണ് നടപടി. ഇന്ത്യ, യു.എസ്, സ്വീഡൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവരെ നാടുകടത്തിയത്.
കൈലാസയുമായി ഒരു നയതന്ത്രബന്ധവും ഇല്ലെന്നും ബൊളീവിയയുടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 2024ലാണ് കൈലാസയുടെ അധികൃതർ തദ്ദേശീയരായ ബൗറ വിഭാഗവുമായി ബന്ധപ്പെട്ട് കാട്ടുതീ തടയാൻ സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തു. പകരമായി 1000 വർഷത്തേക്ക് ഭൂമി പാട്ടത്തിന് വേണമെന്ന് ആവശ്യപ്പെട്ടു. 200,000 ഡോളർ ഭൂമിക്ക് പാട്ടമായി നൽകാമെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് ബൊളീവിയയുടെ നടപടിയുണ്ടായത്.
ഞങ്ങൾക്ക് ഒരു തെറ്റ് സംഭവിച്ചുവെന്നും തങ്ങളുടെ പൈതൃക സമ്പത്ത് സംരക്ഷിക്കാൻ പണം സഹായിക്കുമെന്ന് കരുതിയാണ് കൈലാസ അധികൃതർക്ക് ഭൂമി നൽകിയതെന്നും ഗോത്രവിഭാഗക്കാർ അറിയിച്ചു. അതേസമയം, ലോകത്ത് സ്വാധീനം വർധിപ്പിക്കാനുള്ള നീക്കങ്ങളുമായി നിത്യാനന്ദ മുന്നോട്ട് പോകുന്നതിനിടെയാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. 2023ൽ യു.എൻ യോഗത്തിൽ പങ്കെടുത്ത് കൈലാസ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിച്ചിരുന്നു.
നേരത്തെ വിവാദ ആൾദൈവം നിത്യാനന്ദ മരിച്ചുവെന്ന പ്രസ്താവനയുമായി ബന്ധു രംഗത്തെത്തിയിരുന്നു. തുടർന്ന് നിത്യാനന്ദ തന്നെ സ്ഥാപിച്ച സാങ്കൽപ്പിക രാജ്യത്തിലെ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് എത്തിയവർ ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും ചെയ്തിരുന്നു. നിത്യാനന്ദ ജീവനോടെയിരിക്കുന്നുവെന്നും സജീവമായി പ്രവർത്തിക്കുന്നുവെന്നും കൈലാസയുടെ വിശദീകരണം.
മാർച്ച് 30ന് ഉഗാഡി ആഘോഷങ്ങളിൽ നിത്യാനന്ദ പങ്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ പങ്കുവെച്ചാണ് കൈലാസ അധികൃതരുടെ വിശദീകരണം. നിത്യാനന്ദയെ മോശക്കാരനായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പ്രചാരണം ബന്ധു നടത്തുന്നതെന്നും കൈലാസ അധികൃതർ വിശദീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

