ബലാത്സംഗക്കേസ് പ്രതി നിത്യാനന്ദയുടെ 'കൈലാസ രാജ്യ' പ്രതിനിധി യു.എൻ യോഗത്തിൽ
text_fields1.മാ വിജയപ്രിയ നിത്യാനന്ദ യു.എൻ യോഗത്തിൽ, 2. നിത്യാനന്ദ
സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗക്കേസ് പ്രതിയുമായ നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപിക രാഷ്ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ പ്രതിനിധി യു.എൻ സമിതി യോഗത്തിൽ പങ്കെടുത്തു.ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക, സാംസ്കാരിക അവകാശങ്ങള്‍ക്കായുള്ള (സി.ഇ.എസ്.ആർ) 19 -ാമത് യോഗത്തിന്‍റെ 73 മത്തെ സെഷനില്‍ മാ വിജയപ്രിയ നിത്യാനന്ദ എന്ന വനിതയാണ് പങ്കെടുത്തത്.
ബാലപീഡനവും ബലാത്സംഗവും അടക്കം നിരവധി കേസുകളിലെ പ്രതിയാണ് നിത്യാനന്ദ. 2019 മുതൽ പിടികിട്ടാപ്പുള്ളിയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസുകളിൽ നിന്ന് രക്ഷ നേടിയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് ഇയാൾ 'കൈലാസ' എന്ന രാജ്യം സൃഷ്ടിച്ചുവെന്നുള്ള വാർത്തകളും പുറത്ത് വന്നു. എന്നാൽ നിത്യാനന്ദയേയോ രാജ്യത്തേയോക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല.
2010ല്‍ നിത്യാനന്ദക്കെതിരെ കർണാടക സെഷന്‍സ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആശ്രമത്തിലെ കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ഗുജറാത്തിലും കേസുകള്‍ നിലവിലുണ്ട്. ഇതിനിടെയാണ് രാജ്യത്തിന്റെ പ്രതിനിധി യു.എൻ സമ്മേളനത്തിൽ പങ്കെടുത്തത്.
തന്റെ പ്രതിനിധി പങ്കെടുക്കുന്നതിന്റെ ചിത്രം നിത്യാനന്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇയൻകുമാർ എന്ന വ്യക്തിയും യോഗത്തിൽ പങ്കെടുത്തു. ഇവർ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ യു.എൻ വെബ്സൈറ്റിലും പ്രത്യക്ഷപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ യോഗത്തില്‍ പങ്കെടുക്കുന്ന മാ വിജയപ്രിയയെ കാണാം. കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍ എന്നാണ് ഇവർ വിശേഷിപ്പിച്ചിരുന്നത്.
നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ പീഡിപ്പിക്കുന്നുവെന്നുമാണ് യോഗത്തിൽ മാ വിജയപ്രിയ പറഞ്ഞത്. കൈലാസയെ 'ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം' എന്നായിരുന്നു അവര്‍ വിശേഷിപ്പിച്ചത്. കൈലാസം സ്ഥാപിച്ചത് ഹിന്ദുമതത്തിന്‍റെ മഹാഗുരുവായ നിത്യാനന്ദ പരമശിവമാണെന്ന് മാ വിജയപ്രിയ അവകാശപ്പെട്ടു. ലോകത്തിലെ 150 ഓളം രാജ്യങ്ങളില്‍ തങ്ങളുടെ രാജ്യത്തിന് എംബസികളും എന്‍ജിയോകളും ഉണ്ടെന്നും അവര്‍ പറഞ്ഞു.
എങ്ങനെയാണ് ഇവർ യോഗത്തിൽ പങ്കെടുത്തത് എന്ന് വ്യക്തമല്ല. യോഗത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് സമിതി നേരത്തെ പുറത്തുവിട്ടിരുന്നു. 2022 ഒക്ടോബറിൽ ബ്രിട്ടിഷ് പാർലമെന്റിന്റെ ദീപാവലി ആഘോഷത്തിൽ നിത്യാനന്ദയുടെ അനുയായിയെ ക്ഷണിച്ച സംഭവം വലിയ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

