ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടിയിൽ ബി.ജെ.പി അഴിമതി നടത്തിയെന്ന് ആരോപിച്ച് സന്യാസിമാർ നടത്തിയ വാർത്തസമ്മേളനത്തിെൻറ വിഡിയോ പങ്കുവെച്ച് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അയോധ്യ ക്ഷേത്രത്തിനായി തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന നിര്‍മോഹി അഖാഡയിലെ സന്യാസിമാരാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
രാമക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് പണിതതെന്ന വാദവുമായി ആദ്യമായി രംഗത്തുവന്ന വിഭാഗങ്ങളിലൊന്ന് നിര്‍മോഹി അഖാഡയെന്ന സന്ന്യാസി സമൂഹമാണ്. രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി സ്വന്തം കെട്ടിടങ്ങൾ നിർമിക്കാനും സർക്കാർ രൂപീകരിക്കാനുമാണ് ചിലവഴിച്ചതെന്നും ഇതിന് തെളിവുണ്ടെന്നും നിർമോഹൻ അഖാഡയിലെ സന്യാസിമാർ വെളിപ്പെടുത്തിയിരുന്നു.
അയോധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നിരവധി പേരുടെ നിഡൂഢ കൊലപാതകത്തെക്കുറിച്ച് ചർച്ചചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾ ബി.ജെ.പിയെപ്പോലെ പണത്തിനുവേണ്ടിയല്ല രാമനെ സ്നേഹിക്കുന്നതെന്നും സന്യാസിമാർ അവകാശപ്പെട്ടിരുന്നു.