Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാം രാഷ്ട്രീയവത്കരിക്കുന്നത് നിർത്തൂ; ടാറ്റ വിഷയത്തിൽ രാഹുലിനെതിരെ നിർമല സീതാരാമൻ

text_fields
bookmark_border
എല്ലാം രാഷ്ട്രീയവത്കരിക്കുന്നത് നിർത്തൂ; ടാറ്റ വിഷയത്തിൽ രാഹുലിനെതിരെ നിർമല സീതാരാമൻ
cancel

മുംബൈ: പ്രമുഖ ഇന്ത്യൻ വ്യവസായ ശൃംഖലയായ ടാറ്റാ ഗ്രൂപ്പിനെ ക്രിമിനൽ സ്വഭാവത്തോടെ തകർക്കുകയാണെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ധനമന്ത്രി നിർമല സീതാരാമൻ. രാഹുൽ എല്ലാ വിഷയവും രാഷ്ട്രീവൽക്കരിക്കുന്നത് നിർത്തണമെന്നും സംരംഭകരിൽ ആശങ്കയും വിഷലിപ്തമായ അന്തരീക്ഷവും പരത്താൻ കോൺഗ്രസ് നേതാവ് ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു. 'ടാറ്റയെ അതീവ ക്രിമിനൽ ബുദ്ധിയോടെ തകർത്തുകൊണ്ടിരിക്കുകയാണ്' എന്ന രാഹുലിന്റെ എക്സ് പോസ്റ്റിനാണ് മന്ത്രിയുടെ മറുപടി.

"ലോക്‌സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി എല്ലാ വിഷയവും രാഷ്ട്രീയവൽക്കരിക്കുന്നത് നിർത്തണം. വാണിജ്യ, നിയമപരമായ കാര്യങ്ങളെ ക്രിമിനൽ എന്ന് മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യൻ വ്യവസായത്തിന്റെയും സംരംഭകരുടെയും വിജയങ്ങളെ നിങ്ങൾ ആവർത്തിച്ച് അപകീർത്തിപ്പെടുത്തുകയാണ്. ഇപ്പോൾ അവിശ്വാസവും വിഷാംശവും പരത്താൻ നിങ്ങളോടൊപ്പം ചേരാൻ ബിസിനസ് നേതാക്കളെ പ്രേരിപ്പിക്കാൻ ശ്രമിക്കുകയാണോ?" നിർമല സീതാരാമൻ ചോദിച്ചു.

കോൺഗ്രസ് പതിറ്റാണ്ടുകളായി ലൈസൻസ് - ക്വാട്ട രാജിലൂടെ സംരംഭകരെ അടിച്ചമർത്തി കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിലാക്കിയെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാർ വ്യവസായത്തെ തൊഴിൽ സൃഷ്ടാക്കളായി കാണുന്നുവെന്നും നിർമല സീതാരാമൻ പറഞ്ഞു. "ഭരണഘടന എല്ലാവർക്കും നീതി ഉറപ്പാക്കുന്നു, കോടതികൾ അതിനെ ഉയർത്തിപ്പിടിക്കുന്നു. ജുഡീഷ്യറിയെ അപമാനിച്ച ചരിത്രമാണ് നിങ്ങൾക്കും നിങ്ങളുടെ പാർട്ടിക്കും നിങ്ങളുടെ പ്രധാനമന്ത്രിമാർക്കുമുള്ളത്. അതുകൊണ്ട് രാഹുൽജി എല്ലായിടത്തും പ്രേതത്തെ കാണുന്നത് നിർത്തൂ," അവർ കൂട്ടിച്ചേർത്തു.

ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതുമായി ബന്ധപ്പെട്ട് ടാറ്റാ ട്രസ്റ്റും ടാറ്റാ സൺസും തമ്മിൽ ഉടലെടുത്ത കടുത്ത ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുൽ കടുത്ത ആരോപണം ഉന്നയിച്ചത്. "ടാറ്റയെ അതീവ ക്രിമിനൽ ബുദ്ധിയോടെ തകർത്തുകൊണ്ടിരിക്കുകയാണ്. എന്നിട്ടും രാജ്യത്തെ ഒരു ബിസിനസ് പ്രമുഖൻ പോലും ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ ധൈര്യം കാണിക്കുന്നില്ല! എത്രകാലം നിങ്ങൾ ഇങ്ങനെ വായ മൂടിക്കെട്ടി മിണ്ടാതിരിക്കും? അവർ നിങ്ങളെ പൂർണമായി സ്വന്തമാക്കുന്നത് വരെയാണോ ഈ മൗനം? ഇന്ത്യൻ വ്യവസായ ലോകം മോദിയുടെയും അമിത് ഷായുടെയും വെറുമൊരു കളിപ്പാട്ടമല്ല. സത്യം തുറന്നുപറയാൻ നിങ്ങൾക്ക് ധൈര്യമില്ലായിരിക്കാം, എന്നാൽ ഞങ്ങൾക്ക് ആ ഭയമില്ല. ഈ അനീതികൾക്കും ക്രിമിനൽ നീക്കങ്ങൾക്കും എതിരെ ഞങ്ങൾ കൃത്യമായ നീതി ഉറപ്പാക്കുക തന്നെ ചെയ്യും," എന്നായിരുന്നു രാഹുൽ തുറന്നടിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nirmala Sitharaman slams Rahul Gandhi over Tata remarks
Next Story