ട്രെയിൻ യാത്ര: തൊഴിലാളികളിൽനിന്ന് കാശ് ഈടാക്കുന്നില്ല –ധനമന്ത്രി
text_fieldsന്യൂഡൽഹി: അന്തർസംസ്ഥാന തൊഴിലാളികൾക്ക് മടങ്ങാൻ ട്രെയിൻ ടിക്കറ്റ് ചാർജ് സ്വയം നൽകേണ്ടിവരുന്നില്ലെന്ന് കേന്ദ്രം. അതേക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെന്നും എവിടെനിന്നാണ് ഇത്തരം വിവരങ്ങൾ വരുന്നതെന്ന് അറിയില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ.അന്തർസംസ്ഥാന തൊഴിലാളികൾക്ക് ടിക്കറ്റ് നിരക്ക് നൽകാൻ കോൺഗ്രസ് തയാറായതും കേരള സർക്കാർ അതു സ്വീകരിക്കാൻ മടിച്ചതും അടക്കമുള്ള സംഭവ പരമ്പരകൾക്കിടയിലാണ് ധനമന്ത്രിയുടെ വിശദീകരണം.
അന്തർസംസ്ഥാന തൊഴിലാളികൾക്ക് ട്രെയിൻ ഏർപ്പെടുത്തുന്ന ചെലവിെൻറ 85 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്ന് നിർമല പറഞ്ഞു. ട്രെയിൻ ഓടിത്തുടങ്ങുംമുേമ്പ ഇക്കാര്യം വ്യക്തമാക്കിയതാണ്. ട്രെയിൻ യാത്രക്ക് ആരും തൊഴിലാളികളിൽനിന്ന് ചാർജ് ഈടാക്കുന്നില്ല. യാത്രാവേളയിൽ ഭക്ഷണവും വെള്ളവും മറ്റും റെയിൽവേ സൗജന്യമായി നൽകുന്നുമുണ്ട്.
ഇതിനിടയിൽ അവർ ടിക്കറ്റെടുത്താണ് യാത്ര ചെയ്യുന്നതെന്നാണ് പറയുന്നതെങ്കിൽ, അത് സത്യമല്ല. ടിക്കറ്റ് ചാർജ് ആരെങ്കിലും വാങ്ങുന്നുണ്ടെങ്കിൽ, അത് തിരുത്തേണ്ടതുണ്ട്. അത്തരം വിവരങ്ങൾ കേന്ദ്രസർക്കാറുമായി പങ്കുവെക്കണമെന്ന് മന്ത്രി പറഞ്ഞു. അന്തർസംസ്ഥാന തൊഴിലാളികളുടെ പേരിൽ കോൺഗ്രസ് നേതാക്കൾ നാടകം കളിക്കരുത്. അവരുടെ കഷ്ടപ്പാടിനെക്കുറിച്ച് സർക്കാറിന് ബോധ്യമുണ്ട്. സൗജന്യ റേഷൻ അടക്കം കഴിയാവുന്നതൊക്കെ ചെയ്യുന്നുണ്ട്.
അതിനിടയിൽ, തെരുവിലിറങ്ങി അന്തർസംസ്ഥാന തൊഴിലാളികൾക്കൊപ്പം നിന്ന് പടമെടുത്ത് പ്രചരിപ്പിക്കുന്നത് വിലകുറഞ്ഞ ഏർപ്പാടാണ്. ഈ സമയത്ത് തൊഴിലാളികളെ വെച്ച് കളിക്കരുത്. ഇത്തരം രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ഇരുകൈയും കൂപ്പി അഭ്യർഥിക്കാനുള്ളതെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
