Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിയുടെ കോളറിൽ പിടിച്ച് ആക്ഷേപിച്ച സംഭവം; പ്രഫസർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് നിർമ സർവകലാശാല

text_fields
bookmark_border
വിദ്യാർഥിയുടെ കോളറിൽ പിടിച്ച് ആക്ഷേപിച്ച സംഭവം; പ്രഫസർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് നിർമ സർവകലാശാല
cancel

അഹ്മദാബാദ്: പരിപാടിക്കിടെ വിദ്യാർഥിയുടെ കോളറിൽ പിടിച്ച് ചോദ്യം ചെയ്ത പ്രഫസർക്കെതിരെ നിർമ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിഭാഗം സംഘടിപ്പിച്ച ‘ടെക്നോഫോറ 2026’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. പ്രഫസർ വിദ്യാർഥിയുടെ കോളറിൽ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടത്. സെപ്റ്റംബർ 18 മുതൽ 20 വരെയായിരുന്നു പരിപാടി.

കോമഡിയൻ രജത് സൂദ് പങ്കെടുത്ത പരിപാടിക്കിടെ വേദിയിൽ സംസാരിക്കുകയായിരുന്നു ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് വിഭാഗം മേധാവി പ്രഫ. എച്ച്.കെ. പട്ടേൽ. ഇതിനിടെ സദസ്സിലുണ്ടായിരുന്ന ഒരു വിദ്യാർഥി ‘ജൽദി കർ, പൻവേൽ നികൽനാ ഹേ’ എന്ന സിനിമാ സംഭാഷണം വിളിച്ചുപറഞ്ഞു. വേഗം സംസാരിക്കണമെന്നും തനിക്ക് പൻവേലിലേക്ക് പോകാനുണ്ടെന്നുമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. 2010ൽ പുറത്തിറങ്ങിയ ‘ഗോൾമാൽ 3’ എന്ന ഹിന്ദി ചിത്രത്തിലെ സംഭാഷണമാണിത്.

വിദ്യാർഥിയുടെ പരാമർശത്തിൽ പ്രതികരിച്ച പ്രഫസർ എങ്കിൽ പോയിക്കോളൂ എന്ന് പറഞ്ഞ ശേഷം വിദ്യാർഥിയെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് പ്രഫസർ വിദ്യാർഥിയുടെ കോളറിൽ പിടിച്ച് ചോദ്യം ചെയ്യുന്നതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കാണുന്നത്. അധ്യാപകനെ അപമാനിച്ചാൽ താൻ ഏത് അറ്റം വരെയും പോകുമെന്നും പ്രഫസർ വിദ്യാർഥിക്ക് മുന്നറിയിപ്പ് നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവം വിവാദമായതോടെ സർവകലാശാല മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. മുതിർന്ന ഡീനുമാരും ഡയറക്ടർമാരും ഉൾപ്പെടുന്ന സമിതി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർവകലാശാല ഡയറക്ടർ ജനറൽ ആർ.എൻ. പട്ടേൽ അറിയിച്ചു. സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ അഖില ഭാരതീയ വിദ്യാർഥി പരിഷത്തും കോൺഗ്രസ് അനുകൂല വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐയും പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തുക, സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കുക, ദൃക്സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക, വിദ്യാർഥിക്ക് അക്കാദമിക് തലത്തിൽ പ്രതികൂല നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എൻ.എസ്.യു.ഐ ഉന്നയിച്ചത്.

അതേസമയം പ്രഫസറും വിദ്യാർഥിയും പരസ്പരം മാപ്പു പറഞ്ഞതായി സർവകലാശാല ഡയറക്ടർ ജനറൽ അറിയിച്ചു. വിദ്യാർഥിയുടെ മാതാപിതാക്കളുമായി സർവകലാശാല അധികൃതർ ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവത്തിൽ സർവകലാശാലയുടെ നടപടിക്രമങ്ങൾ തുടരുമെന്നും അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി തീരുമാനിക്കുമെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Professor Grabs Student Collar Ahmedabad
Next Story