ദുർമന്ത്രവാദിനികളെന്ന് മുദ്രകുത്തി മൂന്ന് സ്ത്രീകളെ മർദിച്ച് മൂത്രം കുടിപ്പിച്ചു; ഒമ്പത് പേർ അറസ്റ്റിൽ
text_fieldsമുസാഫർപുർ: ബിഹാറിലെ മുസാഫർപുർ ജില്ലയിലെ ഗ്രാമത്തിൽ ദുർമന്ത്രവാദിനികളെന്ന് മുദ്രകുത്തി നാട്ടുകാർ മൂന്ന് സ്ത്രീകളെ മർദിച്ച് മൂത്രം കുടിപ്പിച്ചു. തല മുണ്ഠനം ചെയ്ത് ഇവരെ അർധ നഗ്നരാക്കി നടത്തിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ദകർമ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദൾ ട്വിറ്ററിൽ വിഡിയോ പങ്ക് വെച്ചതോടെ സംഭവം വിവാദമായി.
തുടർന്ന് ആക്രമണത്തിന് ഇരയായവരോ നാട്ടുകാരോ പരാതി നൽകിയില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്തു. പത്തിലേറെ പേരെ പ്രതി ചേർത്തെന്നും ഒമ്പത് പേർ അറസ്റ്റിലായെന്നും എ.എസ്.പി (ഈസ്റ്റ്) അമിതേഷ് കുമാർ പറഞ്ഞു.
ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. അന്വേഷണത്തിന് ശേഷം നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് സബ് ഡിവിഷണൽ ഓഫിസർ (ഈസ്റ്റ്) കുന്ദൻ കുമാർ പറഞ്ഞു.
