25 പേർ മരിച്ച തീപിടിത്തമുണ്ടായി മണിക്കൂറുകൾക്കകം രാജ്യം വിട്ട് നിശാക്ലബ് ഉടമകൾ; മുങ്ങിയത് ഫുക്കറ്റിലേക്ക്
text_fieldsപനാജി: തീപിടിത്തമുണ്ടായി 25 പേർ മരിച്ച ഗോവ അർപോറയിലെ ബിർച്ച് ബൈ റോമിയോ ലെയ്‌ൻ നിശാക്ലബിന്‍റെ ഉടമകൾ രാജ്യംവിട്ടു. ഗൗരവ്, സൗരഭ് ലുത്ര എന്നിവരാണ് മുങ്ങിയത്. തീപിടിത്ത ദുരന്തമുണ്ടായി മണിക്കൂറുകൾക്കം ഉടമകൾ രാജ്യം വിട്ട് ഒളിവിൽ പോയെന്ന വിവരമാണ് പുറത്തുവരുന്നത്. ഫുക്കറ്റിലേക്കാണ് ഇരുവരും പോയതെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഗോവ പൊലീസ് പറഞ്ഞു.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ പൊലീസ് സംഘം ഡൽഹിയിലെത്തി ഇരുവരുടെയും വീടുകളിൽ പരിശോധന നടത്തിയിരുന്നു.
പൊലീസ് അന്വേഷണം ഡൽഹിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ക്ലബിന്റെ പ്രമോട്ടർമാർ ഡൽഹി കേന്ദ്രീകരിച്ചുള്ളവരാണ്. ഇവർക്കായുള്ള തിരച്ചിലിനിടെയാണ് ക്ലബ് ജീവനക്കാരനായ ഭാരത് കോഹ്‍ലി എന്നയാൾ നേരത്തെ പിടിയിലായത്. നേരത്തെ, ക്ലബിന്‍റെ ഒരു ഉടമയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വിനോദ സഞ്ചാരികളടക്കം 25 പേരാണ് മരിച്ചത്. അനധികൃത നിർമാണത്തിന്റെ പേരിൽ പഞ്ചായത്ത് പൊളിക്കാൻ ഉത്തരവിട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക് കരിമരുന്ന് പ്രയോഗം നടത്തിയതാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമികാന്വേഷണം നൽകുന്ന സൂചന. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
സമാന രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് നിശാ ക്ലബുകൾ തിങ്കളാഴ്ച അധികൃതർ പൂട്ടിച്ചു. ഇവ രണ്ടും തീപിടിത്തമുണ്ടായ ക്ലബിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

