‘നിദ ഖാൻ എച്ച്.ആർ മാനേജരല്ല, നേതൃപരമായ പദവികളൊന്നുമില്ല’; മാധ്യമ വാർത്തകൾ തള്ളി ടി.സി.എസ്
text_fieldsമുംബൈ: നാസിക് ടി.സി.എസിലെ ലൈംഗികാതിക്രമണ-മതംമാറ്റ കേസിലെ മുഖ്യസൂത്രധാരയെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച നിദ ഖാൻ കമ്പനിയുടെ എച്ച്.ആർ വിഭാഗത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്). നിദ ഖാൻ എച്ച്.ആർ മാനേജരോ നേതൃപരമായ പദവികൾ വഹിക്കുന്ന വ്യക്തിയോ അല്ലെന്നും അവർ ഒരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നും ടി.സി.എസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ട് ടി.സി.എസ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ കെ. കൃതിവാസനാണ് പ്രസ്താവന പുറത്തിറക്കിയത്. നിദ ഖാന് റിക്രൂട്ട്‌മെന്റ് നടപടികളിൽ യാതൊരു പങ്കുമില്ലെന്നും സി.ഇ.ഒ വ്യക്തമാക്കി. പ്രോസസ് അസോസിയേറ്റ് ആയിരുന്ന അവർക്ക് കമ്പനിയിൽ യാതൊരുവിധ നേതൃപരമായ ഉത്തരവാദിത്തങ്ങളും നൽകിയിരുന്നില്ല.
നിദ ഖാൻ എച്ച്.ആർ മാനേജരാണെന്നും റിക്രൂട്ട്‌മെന്റിൽ അവർക്കുള്ള അധികാരം ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതെന്നുമായിരുന്നു ഭൂരിഭാഗം മാധ്യമ റിപ്പോർട്ടുകളും ആരോപിച്ചിരുന്നത്. എന്നാൽ അവർ ഒരു ജൂനിയർ ജീവനക്കാരി മാത്രമാണെന്ന കമ്പനിയുടെ വെളിപ്പെടുത്തൽ ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. ഇതിനിടെ, നിദ ഖാന്റെ ഭർത്താവിനെ നാസിക് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എ.ടി.എസ്) വെള്ളിയാഴ്ച ചോദ്യംചെയ്തു.
വസ്തുതകൾ പരിശോധിക്കാതെ ഒരു വ്യക്തിയുടെ പദവിയെയും സ്വാധീനത്തെയും കുറിച്ച് മാധ്യമങ്ങൾ നടത്തിയ പ്രചാരണങ്ങൾ പൊതുജനമധ്യത്തിൽ തെറ്റായ ധാരണയുണ്ടാക്കാൻ കാരണമായെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നിദ ഖാൻ എച്ച്.ആർ വിഭാഗത്തിലല്ല ജോലി ചെയ്തിരുന്നതെന്ന് അവരുടെ കുടുംബവും വ്യക്തമാക്കിയിരുന്നു. നാസിക് ടി.സി.എസിലെ ലൈംഗികാതിക്രമണ-മതംമാറ്റ കേസ് കെട്ടിച്ചമച്ചതാണെന്നും നാസികിലെ ‘ആൾ ദൈവ’ത്തിന് എതിരായ കേസിൽനിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടി, പ്രണയവഞ്ചന കേസിലേക്ക് ചില വർഗീയ സ്വഭാവമുള്ള കേസുകൾ കൂട്ടിച്ചേർക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്.
ദേശീയ മാധ്യമങ്ങളായ എൻ.ഡി.ടി.വി, ആജ് തക്, ന്യൂസ് 18 തുടങ്ങിയവയും നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും നിദ ഖാനെ 'എച്ച്.ആർ ഹെഡ്' എന്നും 'മാസ്റ്റർമൈൻഡ്' എന്നും വിശേഷിപ്പിച്ച് വാർത്തകൾ നൽകിയിരുന്നു. എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ നേരത്തേയുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രതിരോധത്തിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

