നാസിക് ടി.സി.എസ് കേസ്; എച്ച്.ആർ മാനേജർ നിത ഖാൻ അറസ്റ്റിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ നാസികിലെ ടി.സി.എസ് (ടാറ്റാ കൺസൾട്ടൻസി സർവിസസ്) കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന എച്ച്.ആർ മാനേജർ നിത ഖാൻ അറസ്റ്റിൽ. ലൈംഗിക പീഡനം, നിർബന്ധിത മത പരിവർത്തനം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് 25 ദിവസമായി ഒളിവിലായിരുന്ന നിത ഖാനെ ഛത്രപതി സംഭാജി നഗറിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന നിത ഖാനെ കണ്ടെത്തുന്നതിനായി പ്രത്യേക പൊലീസ് സംഘങ്ങളെ രൂപവത്കരിക്കുകയും സംസ്ഥാന വ്യാപകമായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
മുൻകൂർ ജാമ്യം തേടി നിത ഖാൻ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളിയിരുന്നു. രണ്ട് മാസം ഗർഭിണിയാണെന്നും അതിനാൽ അറസ്റ്റ് തടയണമെന്നുമായിരുന്നു ആവശ്യം. കേസിൽ ഭർത്താവിനെ നേരത്തേ ചോദ്യം ചെയ്തിരുന്നു. നിത ഖാന്റെയും കുടുംബത്തിന്റെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഛത്രപതി സംഭാജിനഗറിലെ നരേഗാവിലെ കൈസർ കോളനിയിലെ ഫ്ലാറ്റിൽ കഴിഞ്ഞ നാല് ദിവസമായി നിത ഖാൻ മാതാപിതാക്കൾക്കും, സഹോദരനുമൊപ്പം താമസിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഫ്ലാറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. നാസിക് എസ്.ഐ.ടി, ഛത്രപതി സംഭാജിനഗർ പൊലീസ് കമീഷണറേറ്റ്, ക്രൈം ബ്രാഞ്ച് എന്നിവർ സംയുക്തമായാണ് നിത ഖാനെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിനായി നാസിക്കിലേക്ക് നിത ഖാനെ കൊണ്ടുപോയി.
ടാറ്റ കൺസൾട്ടൻസി സർവിസിസിന്റെ (ടി.സി.എസ്) നാസിക് ബി.പി.ഒയിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നും ആരോപിച്ച് ജീവനക്കാരി നൽകിയ പരാതി ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ഹിന്ദുത്വ ഹാൻഡിലുകൾ മുതൽ സംഘ് പരിവാർ അനുകൂല ദേശീയ മാധ്യമങ്ങൾവരെ ‘കോർപറേറ്റ് ജിഹാദ്’ എന്ന പേരിട്ട് ഇതിനെ വർഗീയ ധ്രുവീകരണത്തിനുള്ള ആയുധമായി ഉപയോഗിച്ചു. ഇതിൽ പലതും അറസ്റ്റിലായവരുടെ ബന്ധുക്കളും ടി.സി.എസ് അധികൃതരും ചിലതെല്ലാം പ്രത്യേക അന്വേഷണസംഘം തന്നെയും നിഷേധിക്കുന്നുവെങ്കിലും, രാജ്യത്തെ പുതിയ സാമൂഹിക സാഹചര്യത്തിൽ ഏറ്റവും ചെലവാകുന്ന വാർത്തയായി ടി.സി.എസ് കേസ് പടരുകയാണ്.
ഫെബ്രുവരിയിലാണ് ടി.സി.എസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. ‘ഒരു രാഷ്ട്രീയ’ക്കാരൻ നൽകിയ പരാതിയിൽ രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നുവത്രെ. ആദ്യ പരാതി നൽകുന്നത് മാർച്ച് 25നാണ്. വിവാഹവാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കുകയും മതം മാറ്റത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന് ആരോപിച്ച് ഒരു ജീവനക്കാരി, സഹപ്രവർത്തകൻ ഡാനിഷ് ശൈഖിന് എതിരെ നാസിക് പൊലിസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഹൗസ്കീപ്പിങ് ജീവനക്കാരായി സ്ഥാപനത്തിൽ കയറി കൂടുതൽ കാര്യങ്ങൾ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. പിന്നാലെ, ഒരു പുരുഷ ജീവനക്കാരനും മറ്റ് ഏഴ് ജീവനക്കാരികളും പരാതി നൽകി. പീഡനത്തിന് ഇരയായവരെ പരാതി നൽകാൻ തങ്ങൾ ധൈര്യം നൽകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, വഴിവിട്ട പ്രണയവും പ്രണയവഞ്ചനയും നടന്ന കേസിൽ രാഷ്ട്രീയപ്രേരീതമായി മറ്റു വിചിത്ര കഥകൾ ചേർത്ത് കേസ് കെട്ടിച്ചമക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ബജ്റങ്ദളിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലൊന്നും അവർ ആരോപിക്കുന്നു.
ഡാനിഷ് ശൈഖിന് പുറമെ തൗസീഫ് അത്താർ, ഷാരൂഖ് ഖുറൈശി, റാസ മേമൻ, ഷാഫി ശൈഖ്, അഫ്താബ് അൻസാരി എന്നിവർക്ക് എതിരെ ലൈംഗികാതിക്രമം, മതപരമായ അവഹേളനം, മതം മാറ്റത്തിന് നിർബന്ധിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് ജീവനക്കാരുടെ പരാതി മുക്കിയെന്ന് ആരോപിച്ച് ഓപറേഷൻ മാനേജർ അശ്വിനി ചൈനാനിയെയും അറസ്റ്റ് ചെയ്തു. എച്ച്.ആർ മാനേജർ എന്ന് വിശേഷിപ്പിക്കപ്പെട്ട നിതാഖാനായി തിരച്ചിലും തുടങ്ങി. ഇതോടെ, രാജ്യാന്തര ബന്ധമുള്ള മതംമാറ്റ-ഭീകരവാദ റാക്കറ്റ് എന്നു പറഞ്ഞ് പല കഥകളും പ്രചരിച്ചുതുടങ്ങി.
2022 ഫെബ്രുവരിക്കും കഴിഞ്ഞ മാർച്ചിനും ഇടയിലാണ് ടി.സി.എസിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ബിരുദവിദ്യാർഥിയായ പരാതിക്കാരി 2022ലാണ് ടി.സി.എസിൽ ജോലിക്കാരനും വിവാഹിതനുമായ ഡാനിഷ് ശൈഖിനെ പരിചയപ്പെടുന്നത്. ബിരുദാനന്തരം ടി.സി.എസിൽ ജോലിക്ക് അപേക്ഷിക്കാൻ പ്രേരിപ്പിച്ചതും ജോലി വാങ്ങിക്കൊടുത്തതും ഡാനിഷ് ആണെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
വിവാഹ വാഗ്ദാനം നൽകി ഡാനിഷ് ലൈംഗികമായി ചൂഷണം ചെയ്തെന്നും ഇക്കാര്യമറിഞ്ഞ, മറ്റൊരു ജീവനക്കാരൻ തൗസീഫ് അത്താർ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. യുവതി നോമ്പനുഷ്ഠിക്കുകയും വേഷങ്ങളിലും പെരുമാറ്റത്തിലും മാറ്റം വരുത്തുകയും ചെയ്തതോടെ ജോലിക്ക് പോകുന്നത് കുടുംബം തടഞ്ഞു. ഇതിനിടെ, ഡാനിഷിന്റെ ഭാര്യ യുവതിയെ വിളിച്ച്, ഇയാൾ വിവാഹിതനാണെന്നും രണ്ടു മക്കളുടെ പിതാവാണെന്നും അറിയിച്ചു. ഇതോടെയാണ് വഞ്ചന തിരിച്ചറിഞ്ഞതെന്ന് പെൺകുട്ടി പറയുന്നു.
ഡാനിഷിന് എതിരെ എസ്.സി, എസ്.ടി നിയമവും ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവർ സംഘടിതമായി 18 നും 25 നും ഇടയിൽ പ്രായമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ലൈംഗികച്ചുവയോടെ സംസാരിച്ചു, സ്പർശിച്ചു, തങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്. മാംസം തീറ്റിച്ചു, നമസ്കരിക്കാൻ നിർബന്ധിച്ചു, ജോലി തുടങ്ങുമ്പോൾ ഇസ്‍ലാമിക പ്രാർഥന ചൊല്ലിച്ചു എന്നെല്ലാമാണ് പുരുഷ ജീവനക്കാരന്റെ പരാതി.
പരാതികളിൽ പലതും അന്വേഷണസംഘം തന്നെ സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായവർക്ക് വിദേശ, തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവും എസ്.ഐ.ടി തള്ളി. ഇതുസംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തലവൻ സന്ദീപ് മിട്കെ പറഞ്ഞത്. ഇത്തരം ആരോപണങ്ങൾ തങ്ങളുടെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്നും അത് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികൾ ആണെന്നുമാണ് നാസിക് പൊലീസ് പറയുന്നത്.
സംഭവത്തിൽ ഇതുവരെ ആഭ്യന്തര പരാതി ലഭിച്ചിട്ടില്ലെന്നാണ് ടി.സി.എസ് പറയുന്നത്. നിത ഖാൻ ബി.പി.ഒയിൽ എച്ച്.ആർ മാനേജർ അല്ലെന്നും ‘പ്രൊസസ് അസോസിയേറ്റ്’ മാത്രമാണെന്നും കമ്പനി പറയുന്നു. പൊലീസ് നടപടിയെതുടർന്ന് ആരോപണവിധേയമായവരെ സസ്പെൻഡ് ചെയ്യുകയും നാസിക്ക് ബി.പി.ഒ അടച്ചുപൂട്ടുകയും ചെയ്ത ടി.സി.എസ് ശേഷിച്ച ജീവനക്കാരോട് വീട്ടിൽനിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ചീഫ് ഓപറേറ്റിങ് ഓഫിസർ ആരതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണവും തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

