എൻ.ഐ.എ റെയ്ഡ്: ബംഗളൂരുവിൽ നാലുപേർ പിടിയിൽ
text_fieldsബംഗളൂരു: ബംഗളൂരുവടക്കം ദക്ഷിണേന്ത്യയിലെ 19 കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തി. ബംഗളൂരു ബ്യാദറഹള്ളിയിൽ തിങ്കളാഴ്ച രാവിലെ മുതൽ നടന്ന റെയ്ഡിൽ നാലു യുവാക്കളെ കസ്റ്റഡിയിലെടുത്തു. സമീഉല്ല, മിസ്ബാഹ്, മുനീറുദ്ദീൻ, അൽതാഫ് എന്നിവരാണ് പിടിയിലായത്. നഗരത്തിലെ സ്വകാര്യ കോളജുകളിൽ എൽ.എൽ.ബി, എൻജിനീയറിങ് വിദ്യാർഥികളാണ് സമീഉല്ലയും മുനീറുദ്ദീനും.
ഇവർ താമസിച്ചിരുന്ന വീട്ടിൽനിന്ന് ഏഴു കിലോ സോഡിയം നൈട്രേറ്റ് പിടിച്ചെടുത്തു. സ്ഫോടകവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസപദാർഥമാണ് സോഡിയം നൈട്രേറ്റ്. ഹൈദരാബാദിൽ നടന്ന റെയ്ഡിനിടയിലും എൻ.ഐ.എ ഇത് കണ്ടെത്തിയിരുന്നു. ബെള്ളാരിയിൽ നടന്ന റെയ്ഡിലും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളൂരുവിൽനിന്ന് പിടിയിലായവർ ഉപയോഗിച്ചിരുന്ന ഒരു ബൈക്ക് ബെള്ളാരിയിൽ രജിസ്റ്റർ ചെയ്തതാണ്.
ഈ ബൈക്കുമായി ബന്ധപ്പെട്ടാണ് ബെള്ളാരിയിൽനിന്നുള്ള കസ്റ്റഡിയിലെടുക്കൽ. ഡിസംബർ ഒമ്പതിന് ബംഗളൂരുവിലടക്കം രാജ്യത്തിന്റെ പലയിടങ്ങളിലും എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. അന്ന് പുലികേശി നഗറിലെ വീട്ടിൽനിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത മുംബൈ സ്വദേശി അലി അബ്ബാസിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതായി എൻ.ഐ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

