ന്യൂഡൽഹി: ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കശ്മീരിലെ ഡി.എസ്.പിക്കും അഞ്ചുപേർക്കുമെതിരെ മാസങ്ങൾക്ക് ശേഷം യു.എ.പി.എ ചുമത്തി എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു.
മുൻ ഡി.എസ്.പി േദവീന്ദർ സിങ്ങിനൊപ്പം പിടിയിലായ രണ്ടു ഹിസ്ബുൽ ഭീകരരായ നവീദ് മുസ്താഗ്, റാഫി അഹമ്മദ്, നിയമവിദ്യാർഥി ഇർഫാൻ ഷാഫി മിർ, മറ്റു രണ്ടു പ്രതികളായ തൻവീർ അഹമദ് വാനി, സദീദ് ഇർഫാൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
യു.എ.പി.എ, ആയുധം കൈവശം വെക്കൽ, സ്ഫോടക വസ്തു സൂക്ഷിക്കൽ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നേരത്തേ അന്വേഷണ സംഘത്തിന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ദാവീന്ദർ സിങ്ങിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജനുവരിയിൽ ശ്രീനഗർ -ജമ്മു ദേശീയപാതയിൽ ദേവീന്ദർ സിങ്ങിനെ രണ്ട് ഭീകരർക്കൊപ്പം പിടികൂടുകയായിരുന്നു. തീവ്രവാദികൾക്കൊപ്പം ദേവീന്ദർ സിങ് സഞ്ചരിച്ച കാറിൽനിന്ന് അഞ്ച് ഗ്രനേഡുകളും വസതിയിൽ നടത്തിയ പരിശോധനയിൽ രണ്ട് എ.കെ 47 തോക്കുകളും കണ്ടെടുത്തിരുന്നു.