മഅ്ദനിക്ക് മാതാവിനെ കാണാം; മകെൻറ വിവാഹത്തിന് അനുമതിയില്ല
text_fieldsബംഗളൂരു: മകെൻറ കല്യാണത്തിൽ പങ്കെടുക്കുന്നതിന് അനുമതിതേടി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി നൽകിയ അപേക്ഷ ബംഗളൂരു എൻ.ഐ.എ കോടതി തള്ളി. രോഗിയായ ഉമ്മയെ സന്ദർശിക്കുന്നതിന് ഒരാഴ്ച അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. മകൻ ഉമർ മുക്താറിെൻറ കല്യാണത്തിൽ പങ്കെടുക്കുന്നതിനും രോഗിയായ ഉമ്മയെ സന്ദർശിക്കുന്നതിനും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മഅ്ദനി അപേക്ഷ നൽകിയത്. വിചാരണ കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും.
ആഗസ്റ്റ് ഒന്നുമുതൽ 20 വരെ നാട്ടിൽപോകാൻ അനുവദിക്കണം എന്നായിരുന്നു മഅ്ദനിയുടെ ആവശ്യം. മകെൻറ കല്യാണത്തിൽ പങ്കെടുക്കുന്നത് അനുവദിക്കാനാകില്ലെന്ന് തിങ്കളാഴ്ച അപേക്ഷയിൽ വിധി പറയുന്നതിനിടെ കോടതി ജഡ്ജി ശിവണ്ണ വ്യക്തമാക്കി. രോഗിയായ ഉമ്മയെ കാണുന്നതിന് ആഗസ്റ്റ് ഒന്നു മുതൽ ഏഴുവരെ നാട്ടിൽ പോകാൻ അനുവദിക്കാമെന്നും കോടതി പറഞ്ഞു. മഅ്ദനിയുടെ അപേക്ഷയെ കർണാടക സർക്കാർ ശക്തമായി എതിർത്തിരുന്നു. ആഗസ്റ്റ് ഒമ്പതിന് തലശ്ശേരി ടൗൺഹാളിലാണ് മകെൻറ കല്യാണം.
ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകാൻ വിചാരണ കോടതിക്ക് അധികാരമില്ല. നിലവിലുള്ള ജാമ്യം റദ്ദാക്കി മഅ്ദനിക്ക് തിരികെ ജയിലിൽ പ്രവേശിച്ചതിനുശേഷം പൊലീസ് കസ്റ്റഡിയിൽ നാട്ടിൽ പോകാമെന്നുള്ള നിലപാടാണ് പബ്ലിക് പ്രോസിക്യൂട്ടർ സദാശിവ കോടതിയിൽ സ്വീകരിച്ചത്. യാത്ര ഉൾപ്പെടെ കേസിൽ തുടർനടപടികൾക്ക് വിചാരണ കോടതിയെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയതെന്ന മഅ്ദനിയുടെ അഭിഭാഷകരുടെ വാദം കോടതി തള്ളുകയായിരുന്നു.
