ബംഗാളിൽ തീവ്രവാദ ബന്ധം സംശയിച്ച് യുവാവിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു; ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തർ ദിനജ്പൂർ ജില്ലയിൽ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഒരു യുവാവിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എൻ.ഐ.എ ഉദ്യോഗസ്ഥർക്ക് യുവാവിന്റെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്ന് രാവിലെ സുജാപൂർ പ്രദേശത്ത് നിന്ന് കസ്റ്റഡിയിലെടുത്തുവെന്നാണ് പറയുന്നത്.
അറസ്റ്റിലായ യുവാവ് ലുധിയാന നിവാസിയായ ജാനിസുർ ആലം ആണെന്ന് തിരിച്ചറിഞ്ഞു. ആലം സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി സഞ്ചരിക്കുന്നത് കണ്ടുവെന്നും ചോദ്യം ചെയ്യുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും തുടർന്ന് കസ്റ്റഡിയിലെടുത്തുവെന്നും കേന്ദ്ര ഏജൻസിയിലെ വൃത്തങ്ങൾ പറഞ്ഞു.
ഡൽഹിയിൽ അടുത്തിടെ നടന്ന സ്ഫോടനവുമായി ഇയാളുടെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. യുവാവിൽനിന്ന് ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപമുള്ള സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തീവ്രവാദ സംഭവം എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്. സ്ഫോടനത്തിനു ശേഷം, കുടിയേറ്റ തൊഴിലാളിയായ മൊയ്‌നുൽ ഹസന്റെ മുർഷിദാബാദിലെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹസൻ ഡൽഹിയിലും മുംബൈയിലും ഇടക്കിടെ ജോലി ചെയ്തിരുന്നു. ഡൽഹിയിൽ ആയിരുന്ന സമയത്ത് ദീർഘകാല ബന്ധം പുലർത്തിയിരുന്നതായി കരുതപ്പെടുന്ന ഒരു ബംഗ്ലാദേശി പൗരനുമായി ഹസൻ താമസം പങ്കിട്ടുവെന്നും ഏജൻസി വൃത്തങ്ങൾ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആ കാലയളവിൽ ഹസന് തീവ്രവാദ സംഘടനകളുമായോ ഉത്തർ ദിനാജ്പൂരിൽ അറസ്റ്റിലായ യുവാവുമായോ അദ്ദേഹത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

