ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോലിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ
text_fieldsന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ട തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). 2022ൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് അൻമോലിനെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഈ വർഷമാദ്യം ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടും അൻമോലിനെ പൊലീസ് തിരയുന്നുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കുറ്റവാളികളെ പിടികൂടാനുള്ള എൻ.ഐ.എയുടെ ശ്രമങ്ങളുടെ ഭാഗമാണ് പ്രഖ്യാപനം.
അൻമോൽ ബിഷ്‌ണോയി എവിടെയാണെന്ന് വിവരം ലഭിക്കുന്നവർ മുന്നോട്ട് വരണമെന്ന് അധികൃതർ അഭ്യർഥിച്ചു. നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷനലിന്റെ (ബി.കെ.ഐ) ഗൂഢാലോചനകളും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നേരത്തേ നടത്തിയ പരിശോധനയിൽ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പണവും ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും എൻ.ഐ.എ പിടിച്ചെടുത്തിരുന്നു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ 32 സ്ഥലങ്ങളിലും ചണ്ഡീഗഡിലും മെഗാ ഓപ്പറേഷൻ്റെ ഭാഗമായി എൻ.ഐ.എ ഇക്കഴിഞ്ഞ ജനുവരിയിൽ റെയ്ഡ് നടത്തിയിരുന്നു. പ്രമുഖ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാല, പർദീപ് കുമാർ എന്നിവരുടെ കൊലപാതകം, ബിസിനസുകാരിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നും വൻ തോതിലുള്ള പണം കൈക്കലാക്കൽ ഉൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളിൽ ലോറൻസ് ബിഷ്‍ണോയിയും അൻമോൽ ബിഷ്‍ണോയിയും ഉൾപ്പെട്ട സംഘത്തിന് പങ്കുള്ളതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

