ടോൾ പ്ലാസകളിലെ കണ്ടാൽ മൂക്കുപൊത്തുന്ന കക്കൂസുകൾ റിപ്പോർട്ട് ചെയ്താൽ ഫാസ്ടാഗ് അക്കൗണ്ടിൽ ലഭിക്കും 1,000 രൂപ!
text_fieldsന്യൂഡൽഹി: ടോൾ പ്ലാസകളിലെ കക്കൂസുകൾ വൃത്തിഹീനമാണെങ്കിൽ റിപ്പോർട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 1,000 രൂപയാണ് പ്രതിഫലമായി ലഭിക്കുക. അത് ഫാസ്ടാഗ് അക്കൗണ്ടിൽ വരും. എന്നാൽ, ഓഫർ അനിശ്ചിത കാലത്തേക്കല്ല. റിപ്പോർട്ട് ചെയ്താൽ പ്രതിഫലം ലഭിക്കാൻ കൃത്യമായ സമയപരിധിയും നിബന്ധനകളുമുണ്ടെന്ന് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെല്ലായിടത്തുമുള്ള, നാഷനൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ അധികാരപരിധിയിൽ നിർമ്മിച്ചതോ പ്രവർത്തിക്കുന്നതോ പരിപാലിക്കുന്നതോ ആയ ശുചിമുറികൾ മാത്രമേ റിപ്പോർട്ട് ചെയ്യാനാകൂ. നാഷനൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലല്ലാത്ത റീട്ടെയിൽ പെട്രോൾ പമ്പുകൾ, ധാബകൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവിടങ്ങളിലെ ശുചിമുറികൾ കണ്ടാൽ മൂക്ക് പൊത്തുന്ന അവസ്ഥയിലാണെങ്കിലും റിപ്പോർട്ട് ചെയ്യേണ്ടതില്ല.
'രാജ്മാർഗ് യാത്ര' ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ജിയോ-ടാഗ് ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം. ആപ്പ് വഴി പകർത്തിയ വ്യക്തവും, ജിയോ-ടാഗ് ചെയ്തതും, സമയം അടയാളപ്പെടുത്തിയതുമായ ചിത്രങ്ങൾ മാത്രമേ പരിഗണിക്കൂ. കൃത്രിമം കാണിച്ചതോ, കോപ്പി ചെയ്തതോ, മുമ്പ് റിപ്പോർട്ട് ചെയ്തതോ ആയ ചിത്രങ്ങൾ നിരസിക്കപ്പെടും. ഉപയോക്താവിന്റെ പേര്, സ്ഥലം, വാഹന രജിസ്ട്രേഷൻ നമ്പർ (വി.ആർ.എൻ), മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ഇതോടൊപ്പം ആപിൽ നൽകണം.
ഓരോ വി.ആർ.എന്നിനും ഒരു റിവാർഡിന് മാത്രമേ അർഹതയുള്ളൂ. മാത്രമല്ല, ഒരു ശുചിമുറി ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ റിപ്പോർട്ട് ചെയ്തിട്ടും കാര്യമില്ല. ഒരേ ദിവസം ഒരു ശുചിമുറിയെക്കുറിച്ച് ഒന്നിലധികം റിപ്പോർട്ടുകൾ ലഭിച്ചാൽ 'രാജ്മാർഗ് യാത്ര' ആപ് വഴി റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ സാധുവായ ചിത്രം മാത്രമേ റിവാർഡിന് അർഹതയുള്ളതായി കണക്കാക്കൂ.
എല്ലാം സെറ്റാണെങ്കിൽ 1,000 രൂപ ഫാസ്ടാഗ് റീചാർജ് രൂപത്തിൽ പ്രതിഫലമായി ലഭിക്കും. ഉപയോക്താവ് നൽകുന്ന ലിങ്ക് ചെയ്ത വി.ആർ.എന്നിലേക്കാണ് ക്രെഡിറ്റ് ചെയ്യപ്പെടുക. പ്രതിഫലം കൈമാറ്റം ചെയ്യാനാകില്ല. മാത്രമല്ല പണമായി ഈടാക്കാനും സാധിക്കില്ല. ഒക്ടോബർ 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

