ബാബരി മസ്ജിദ് തകർത്തത് കണ്ണു നിറച്ചുവെന്ന് സോണിയ; ആത്മകഥക്ക് വൻ ഡിമാൻഡ്
text_fieldsന്യൂഡൽഹി: 1992 ഡിസംബർ ആറിന് അയോധ്യയിൽ ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിന്റെ ടെലിവിഷൻ കാഴ്ച തന്റെ കണ്ണുകൾ നിറച്ചുവെന്നും തന്നെ തകർത്തുകളഞ്ഞുവെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി.
ബാബരി ധ്വംസനം മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്റു തുടങ്ങിയ ഇന്ത്യയുടെ സ്ഥാപക തലമുറയിലെ നേതാക്കൾ ഉയർത്തിപ്പിടിച്ച മതനിരപേക്ഷ ഇന്ത്യയുടെ ദർശനം സംരക്ഷിക്കാൻ ദീർഘകാല പോരാട്ടം ആവശ്യമായി വരുമെന്ന് തന്നെ ബോധ്യപ്പെടുത്തിയെന്നും അവർ തുടർന്നു. ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന ആത്മകഥയിലാണ് സോണിയയുടെ ഈ വെളിപ്പെടുത്തൽ.
ചൊവ്വാഴ്ച പുറത്തിറങ്ങിയ പുസ്തകത്തിന് രാജ്യതലസ്ഥാനത്തെ ബുക്സ്റ്റാളുകളിൽ വൻ ഡിമാൻഡായിരുന്നു. ഖാൻ മാർക്കറ്റ് പോലുള്ള ഇടങ്ങളിൽ പുസ്തകം വാങ്ങിക്കാനെത്തിയവരുടെ ക്യൂവും കാണപ്പെട്ടു. പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചു. പുസ്തകത്തിനെറ ഒൗപചാരിക പ്രകാശനം ഈ മാസം 16നാണ്.
2019ലെ വിധിയിൽ ബാബരി മസ്ജിദ് തകർത്ത നടപടി നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിരുന്നു. 2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു.
ദീർഘകാലമായി ബി.ജെ.പി മുന്നോട്ടുവച്ചിരുന്ന ഒരു പ്രധാന രാഷ്ട്രീയ വാഗ്ദാനത്തിന്റെ പൂർത്തീകരണമായിരുന്നു അത്. മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിൽ കോൺഗ്രസ് അലംഭാവം കാട്ടിയെന്നും വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും പാർട്ടിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകളിലെ പിഴവുകൾ കോൺഗ്രസിന്റെ സ്വാധീനം കുറയുന്നതിനും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചക്കും കാരണമായതായി സോണിയ വിലയിരുത്തുന്നു.
1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥയെക്കുറിച്ചും ആത്മകഥ വിശദമായി പരാമർശിക്കുന്നു. ആ കാലഘട്ടത്തിൽ ഇന്ദിരാ ഗാന്ധിയുടെ സർക്കാർ പൗരസ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കുകയും പ്രതിപക്ഷ നേതാക്കളെ തടവിലാക്കുകയും മാധ്യമസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് തെറ്റായ തീരുമാനമായിരുന്നു.
പ്രതിപക്ഷത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ കുടുംബത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും സോണിയ ഓർമിക്കുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്നായിരുന്നു രാജീവ് ഗാന്ധിയുടെ ഉപദേശം. അതേസമയം, ഇളയ സഹോദരനായ സഞ്ജയ് ഗാന്ധി കൂടുതൽ കടുത്ത നിലപാടിനാണ് പിന്തുണ നൽകിയിരുന്നത്.
പ്രതിപക്ഷത്തെ തടയേണ്ടതുണ്ടെന്ന് ഒരു കുടുംബവിരുന്നിനിടെ സഞ്ജയ് വാദിച്ചതും രാജീവ് അതിനെ എതിർത്തതും എന്നാൽ ഇന്ദിരാ ഗാന്ധി രാജീവിന്റെ അഭിപ്രായം അംഗീകരിക്കാതിരുന്നതും സോണിയ ഓർത്തെടുക്കുന്നുണ്ട്.
സഞ്ജയ് ഗാന്ധിയെ നിയന്ത്രണത്തിലാക്കിയിരുന്നെങ്കിൽ പിന്നീട് ഉണ്ടായ പല ദോഷഫലങ്ങളും ഒഴിവാക്കാനാകുമായിരുന്നു. എന്നിരുന്നാലും, അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും സഞ്ജയ് ഗാന്ധിയിലേക്ക് മാത്രം ചുമത്തരുതെന്നും ഇന്ദിരയുടെ ചില മുതിർന്ന സഹപ്രവർത്തകരുടെ സമ്മർദവും അന്നുണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള തന്റെ ജീവിതയാത്ര, വിവാഹത്തിലൂടെ നെഹ്റു-ഗാന്ധി കുടുംബത്തിലെ അംഗമായത്, പിന്നീട് കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായി ഉയർന്നുവന്നത് തുടങ്ങിയ കാര്യങ്ങളും സോണിയ ആത്മകഥയിൽ വിശദീകരിക്കുന്നു.
2004-ൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയതും പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാതിരിക്കാനുള്ള തന്റെ തീരുമാനവും തുടർന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസിന്റെ (യു.പി.എ) അധ്യക്ഷ പദവി ഏറ്റെടുത്തതും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

