ബൃഹൻ മുംബൈയിൽ ശിവസേന മേയറുണ്ടാകുമോ; ഷിൻഡെയുടെ റിസോർട്ട് നാടകം വിജയിക്കുമോ?
text_fieldsഏക്നാഥ് ഷിൻഡെ
മുംബൈ: ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ(ബി.എം.സി)തെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ വിജയം നേടിയതിനു പിന്നാലെ മുംബൈയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം തിരിച്ചെത്തിയിരിക്കുകയാണ്. നഗരസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു. എന്നാൽ യഥാർഥ രാഷ്ട്രീയം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞത്. തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ഉദ്ധവ് വിഭാഗം നേരിട്ടത്. എന്നാൽ എല്ലാവരേക്കാളും ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ്. 2022ലാണ് ശിവസേനയെ പിളർത്തി ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം ബി.ജെ.പിയുടെ പാളയത്തിലെത്തിയത്. അതോടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ മഹാ വികാസ് അഘാഡി സഖ്യം നയിക്കുന്ന സർക്കാർ വീണും. നഗരസഭ തെരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗത്തിന് 29 സീറ്റുകളാണ് ലഭിച്ചത്. തുടർന്ന് 29 കൗൺസിലർമാരെയും വില പേശലിനായി മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ഷിൻഡെ.
തെരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്ട്രീയ പുനഃസംഘടനകളുടെ സാധ്യതകൾ തുറക്കുമ്പോഴാണ് റിസോർട്ട് രാഷ്ട്രീയത്തിന് വഴിയൊരുങ്ങുന്നത്. 227 വാർഡുകളുള്ള ബി.എം.സിയിൽ കേവല ഭൂരിപക്ഷത്തിന് 114 സീറ്റുകളാണ് വേണ്ടത്. ബി.ജെ.പി 89 സീറ്റുകൾ നേടി. ശിവസേനയും ബി.ജെ.പിയും ഒരുമിച്ച് 118 സീറ്റുകളും സ്വന്തമാക്കി. ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനും സാധിച്ചില്ല. ഒറ്റക്ക് മത്സരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ട് മൂന്നു വാർഡുകളിൽ വിജയിച്ചു. അജിത് പവാർ ബി.ജെ.പിയെ പിന്തുണക്കാനാണ് സാധ്യത.
മറുഭാഗത്ത്, ശിവസേന(യു.ബി.ടി), മഹാരാഷ്ട്ര നവനിർമാൺ സേന, എൻ.സി.പി(ശരദ് പവാർ) എന്നിവ യഥാക്രമണം 65, ആറ്, ഒരു വാർഡുകൾ വീതം നേടി. ആകെ. 72 വാർഡുകൾ. കോൺഗ്രസ് 24 വാർഡുകളിലും എ.ഐ.എം.ഐ.എം എട്ട് എണ്ണത്തിലും സമാജ്‍വാദി പാർട്ടി രണ്ടെണ്ണത്തിലും വിജയിച്ചു. പ്രതിപക്ഷസഖ്യത്തിന് ആകെ 106 വാർഡുകൾ ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റുകളുടെ കുറവാണുള്ളത്.
രാഷ്ട്രീയ കുതിരക്കച്ചവടത്തിന് പേരുകേട്ടതാണ് മുംബൈ. അതിന്റെയെല്ലാം സാഹചര്യത്തിലാണ് ഷിൻഡെ ടീം റിസ്ക് എടുക്കാൻ തയാറാകാത്തത്. ഉദ്ധവ് താക്കറെയുടെ അഭിപ്രായത്തിൽ ഷിൻഡെ യഥാർത്ഥത്തിൽ ബിജെപിക്കാരനാണ്. മുംബൈയിൽ പതിറ്റാണ്ടുകളായി ഒരു ശിവസേന മേയർ ഉണ്ട്. അത് നഷ്ടപ്പെടുത്തുന്നത് ബാൽതാക്കറെയുടെ പാരമ്പര്യം ഇല്ലാതാക്കുമെന്നാണ് ഉദ്ധവ് താക്കറെ പറയുന്നത്. അതിനാൽ ഷിൻഡെ വലിയ സമ്മർദത്തിലാണ്. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പോടെ ഷിൻഡെക്ക് മുഖ്യമന്ത്രിസ്ഥാനവും നഷ്ടമായി. ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതിനാൽ മേയർ സ്ഥാനത്തിന് വേണ്ടിയാണ് ഷിൻഡെയുടെ നീക്കം. അതേസമയം, മേയറുടെ കാര്യത്തിൽ മുഖ്യമന്ത്രി ഷിൻഡെയും ഉൾപ്പെടെയുള്ള നേതാക്കൾ തീരുമാനമെടുക്കുമെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

