പാതിരാത്രി ട്രെയിനിൽ നിന്ന് അപ്രത്യക്ഷയായ നവവധു ആറാം ദിവസം ബീഹാറിൽ; കേദാർനാഥ് യാത്രക്കിടെ നടന്ന തിരോധാനം തെളിഞ്ഞതിങ്ങനെ
text_fieldsപ്രതീകാത്മക ചിത്രം
ഹരിദ്വാർ: നന്ദാദേവി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ അർദ്ധരാത്രി കാണാതായ നവവധുവിനെ ആറ് ദിവസത്തിന് ശേഷം ബീഹാറിൽ കണ്ടെത്തി. മൂന്ന് മാസം മുമ്പ് വിവാഹിതയായ പ്രജ്ഞാ സിങ്ങിനെയാണ് നാടകീയമായ അന്വേഷണത്തിനൊടുവിൽ ബീഹാറിലെ ബെഗുസരായിയിൽ നിന്നും പൊലീസ് കണ്ടെത്തിയത്. കേദാർനാഥ് തീർഥാടനത്തിന് ശേഷം ഭർത്താവ് മനീഷിനൊപ്പം ഡെറാഡൂണിൽനിന്ന് ഗാസിയാബാദിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രജ്ഞയെ കാണാതായത്.
യാത്രക്കിടെ പ്രജ്ഞയും ഭർത്താവും തമ്മിൽ ചെറിയ തർക്കമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കമെന്ന് ലക്സർ എസ്.പി ശേഖർ ചന്ദ്ര സുയൽ പറഞ്ഞു. തർക്കത്തിന് പിന്നാലെ ഭർത്താവ് ഉറങ്ങിയ സമയം നോക്കി പ്രജ്ഞ ട്രെയിനിൽ നിന്നിറങ്ങുകയായിരുന്നു. തുടർന്ന് പ്ലാറ്റ്‌ഫോമിൽ കണ്ട മറ്റൊരു ട്രെയിനിൽ കയറി. ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയ പ്രജ്ഞക്ക് ട്രെയിൻ പോകുന്നത് ബീഹാറിലേക്കാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മുസാഫർനഗർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഉറക്കമുണർന്ന മനീഷാണ് ഭാര്യയെ കാണാനില്ലെന്ന വിവരം ആദ്യം അറിയുന്നത്. ബാത്റൂമിൽ പോയതാകുമെന്ന് കരുതി ആദ്യം കാത്തിരുന്നെങ്കിലും പിന്നീട് ട്രെയിനിൽ മുഴുവൻ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. പ്രജ്ഞയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാത്തത് അന്വേഷണത്തെ തുടക്കത്തിൽ ബാധിച്ചിരുന്നു.
അപകടമോ തട്ടിക്കൊണ്ടുപോകലോ ആയിരിക്കാം നടന്നതെന്ന് ഭർത്താവ് ഭയപ്പെട്ടിരുന്നു. എന്നാൽ, പ്രജ്ഞയുടെ ഫോൺ കോളുകൾ പരിശോധിച്ച പൊലീസിന് ലൊക്കേഷൻ ബീഹാറിലാണെന്ന് വ്യക്തമായി. ബീഹാറിലെത്തിയ പ്രജ്ഞ അവിടെയുള്ള ഒരാളുടെ ഫോൺ വാങ്ങി അമ്മയെ വിളിച്ച് താൻ സുരക്ഷിതയാണെന്ന് അറിയിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. പ്രജ്ഞയെ തിരികെ ഉത്തരാഖണ്ഡിലെത്തിച്ച് കുടുംബത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

