നവജാത ശിശു മരിച്ചുവെന്ന് ഉറപ്പു വരുത്തി ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറി; സംസ്കാരത്തിനു തൊട്ടു മുമ്പ് കുട്ടി കരഞ്ഞതോടെ കഥ മാറി
text_fieldsമുംബൈ: മരിച്ചുവെന്ന് ഡോക്ടർമാർ ഉറപ്പു വരുത്തി ബന്ധുക്കൾക്ക് കൈമാറിയ നവജാത ശിശു 12 മണിക്കൂറിനു ശേഷം കരഞ്ഞു. അടക്കം ചെയ്യുന്നതിനു ഏതാനും നിമിഷം മുമ്പ് കരഞ്ഞതോടെ കുട്ടിയെ ജീവനോടെ തിരിച്ചു കിട്ടുകയായിരുന്നു. അംബജോഗൈയിലെ സ്വാമി രാമനാഥ തീർഥ ഗവൺമെന്‍റ് ആശുപത്രിയിലാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം ജൂലെ 7നാണ് യുവതി രാത്രിയോടെ കുഞ്ഞിന് ആശുപത്രിയിൽ വെച്ച് ജന്മം നൽകുന്നത്. എന്നാൽ 8മണിയോടെ കുട്ടി മരിച്ചുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് കുട്ടിയുടെ മുത്തശ്ശൻ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടു പോയി.
പിറ്റേന്ന് രാവിലെ മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെടുകയും മുഖം മറച്ചിരുന്ന തുണി മാറ്റിയ ഉടൻ കുഞ്ഞ് കരയാനും തുടങ്ങുകയായിരുന്നു. ഉടൻ തന്നെ അവർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചു.
ജനിച്ച ശേഷം കുഞ്ഞിൽ ജീവന്‍റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 27 ആഴ്ച ഭ്രൂണ വളർച്ചയുള്ളപ്പോഴാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രസവത്തിൽ സങ്കീർണതകൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. ജനിക്കുമ്പോൾ കുഞ്ഞിന് 900 ഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് ഇവർ കുഞ്ഞ് മരിച്ചുവെന്ന് കരുതിയതെന്ന് ഡോക്ടർ പറഞ്ഞു. നിലവിൽ സംഭവത്തെക്കുറിച്ചന്വേഷിക്കുന്നതിന് അന്വേഷണ കമിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടി യെടുക്കുമെന്നും അറിയിച്ചിട്ടിട്ടുണ്ട്. ആശുപത്രി അധികൃതർക്കെതിരെ ആരോപണവുമായി കുഞ്ഞിന്‍റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

