പേയ്‌മെന്റുകൾ ഇനി സുരക്ഷിതമാകും; ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യു.പി.ഐ നിയമങ്ങൾ
text_fieldsമുംബൈ: ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യു.പി.ഐ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇടപാട് വേഗത മെച്ചപ്പെടുത്തുന്നതിനും സിസ്റ്റം ലോഡ് കുറക്കുന്നതിനും പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം പുതിയ നിയമങ്ങളാണ് വരുന്നത്. ബാങ്കുകളും പേയ്‌മെന്റ് ആപ്പുകളും ഉൾപ്പെടെ യു.പി.ഐ സിസ്റ്റം ഉപയോഗിക്കുന്ന എല്ലാ അംഗങ്ങൾക്കും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 31നകം അവ നടപ്പിലാക്കണം.
യു.പി.ഐ ആപ്പ് വഴി ഉപയോക്താക്കൾക്ക് എത്ര തവണ അക്കൗണ്ട് ബാലൻസ് പരിശോധിക്കാമെന്നതിന്റെ പരിധി നിശ്ചയിച്ചതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. അടുത്ത മാസം മുതൽ ഓരോ ആപ്പും 24 മണിക്കൂറിനുള്ളിൽ ഒരു ഉപഭോക്താവിന് ഒരു ദിവസം പരമാവധി 50 ബാലൻസ് അന്വേഷണങ്ങൾ അനുവദിക്കും. ഈ പരിധി ഓരോ ആപ്പിനും ആണ്. അതായത് വ്യത്യസ്ത യു.പി.ഐ ആപ്പുകളിൽ ഒരു ഉപയോക്താവിന് അവരുടെ ബാലൻസ് വേറെ വേറെ പരിശോധിക്കാൻ കഴിയും. വിജയകരമായ ഓരോ യു.പി.ഐ പേയ്‌മെന്റിന് ശേഷവും ബാങ്കുകൾ ലഭ്യമായ അക്കൗണ്ട് ബാലൻസ് പ്രദർശിപ്പിക്കേണ്ടതുണ്ട്. ഓട്ടോ-പേ ഇടപാടുകൾക്ക്, നെറ്റ്‌വർക്ക് തിരക്ക് ഒഴിവാക്കാൻ എൻ.പി.സി.ഐ പ്രത്യേക സമയ സ്ലോട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്.
ഷെഡ്യൂൾ ചെയ്ത പേയ്‌മെന്റുകൾക്ക് രാവിലെ 10 മണിക്ക് മുമ്പ്, ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ, അല്ലെങ്കിൽ രാത്രി 9:30 ന് ശേഷം വരെയാണ് സമയക്രമം. യു.പി.ഐ ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയങ്ങൾ- രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈകുന്നേരം അഞ്ച് മുതൽ രാത്രി 9:30 വരെയും മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ. ആ സമയത്ത് ഓട്ടോ-പേ എക്സിക്യൂഷനുകൾ നടക്കില്ല.
യു.പി.ഐ പ്രൊഫൈലുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ ലിസ്റ്റ് ഒരു ദിവസം എത്ര തവണ കാണാമെന്നതും 25 തവണയായി പരിമിതപ്പെടുത്തും. തീർപ്പ് കൽപ്പിക്കാത്ത ഇടപാടുകൾക്ക്, ഉപയോക്താക്കൾക്ക് പേയ്‌മെന്റ് സ്റ്റാറ്റസ് മൂന്ന് തവണ മാത്രമേ പരിശോധിക്കാൻ കഴിയൂ. ഓരോ ശ്രമത്തിനും ഇടയിൽ കുറഞ്ഞത് 90 സെക്കൻഡ് ഇടവേളയെങ്കിലും നൽകണം. ഒരാൾക്ക് പരമാവധി അഞ്ച് എണ്ണം വരെ പേയ്‌മെന്റ് റിവേഴ്‌സൽ അഭ്യർത്ഥനകൾ പ്രതിമാസം 10 ആയി പരിമിതപ്പെടുത്തും.
വഞ്ചനയും പേയ്‌മെന്റ് പിഴവുകളും തടയുന്നതിനായി ഇടപാട് പൂർത്തിയാകുന്നതിന് മുമ്പ് യു.പി.ഐ ആപ്പുകൾ സ്വീകർത്താവിന്റെ രജിസ്റ്റർ ചെയ്ത ബാങ്ക് പേര് പ്രദർശിപ്പിക്കും. ഇത് ഉപയോക്താക്കള്‍ പണം അയക്കുന്നത് ശരിയായ വ്യക്തിക്കോ ബിസിനസിനോ ആണോ എന്ന് പരിശോധിക്കാന്‍ സഹായിക്കും. ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്നത് പിഴകള്‍, പുതിയ ഉപഭോക്തൃ ഓണ്‍ബോര്‍ഡിങ് നിര്‍ത്തലാക്കല്‍, അല്ലെങ്കില്‍ യു.പി.ഐ സേവനങ്ങള്‍ക്കുള്ള എ.പി.ഐ ആക്‌സസ് നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് നയിച്ചേക്കാമെന്ന് എന്‍.പി.സി.ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

