യൂനിഫോം ഒഴിവാക്കിയിട്ടില്ലെന്ന് മൈസൂരു കോളജ് പ്രിൻസിപ്പൽ
text_fields മൈസൂരു സെന്റ് ഫിലോമിനാസ് കോളജ്
ബംഗളൂരു: മുസ്ലിം വിദ്യാർഥിനികൾക്ക് ശിരോവസ്ത്രം അനുവദിക്കാൻ കോളജിലെ യൂനിഫോം നിബന്ധന കോളജ് അധികൃതർ ഒഴിവാക്കാൻ തീരുമാനമായിട്ടില്ലെന്ന് മൈസൂരു സെന്റ് ഫിലോമിനാസ് കോളജ് പ്രിൻസിപ്പൽ സുനിൽ ഡിസൂസ പറഞ്ഞു. കോളജിൽ യൂനിഫോം നിബന്ധന ഒഴിവാക്കിയെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് സംബന്ധിച്ച് കോളജ് അധികൃതർ വിദ്യാർഥിനികളെ അറിയിച്ചെങ്കിലും ശിരോവസ്ത്രം ഒഴിവാക്കി ക്ലാസിൽ കയറാനാവില്ലെന്ന് നാല് മുസ്ലിം വിദ്യാർഥിനികൾ നിലപാട് വ്യക്തമാക്കിയിരുന്നതായും ഇതോടെ മൈസൂരു ജില്ല പ്രീ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡി.കെ. ശ്രീനിവാസ മൂർത്തിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ യൂനിഫോം നിബന്ധന തന്നെ ഒഴിവാക്കാൻ കോളജ് അധികൃതർ തീരുമാനിച്ചതായുമാണ് വാർത്ത പ്രചരിച്ചത്. എന്നാൽ, ഇത് കോളജ് അധികൃതർ നിഷേധിച്ചു.

