റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാൻ എ.ഐയുടെ സഹായത്തോടെ പുത്തൻ സാങ്കേതികവിദ്യ
text_fieldsന്യൂഡൽഹി: റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാൻ എ.ഐയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ്) സഹായത്തോടെ പുത്തൻ സാങ്കേതികവിദ്യ വരുന്നു. അതീവ തിരക്കുള്ളതായി പരിഗണിക്കപ്പെടുന്ന 60 റെയിൽവേ സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം ഒരുക്കുകയെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തു വരുന്നത്. റെയിൽസുരക്ഷയുമായി ബന്ധപ്പെട്ടാണ് പുതിയ സംവിധാനം ഒരുക്കുക.
മഹാ കുംഭമേളക്ക് ഭക്തർ പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകളിൽ പെട്ടെന്ന് കയറിയതിനെ തുടർന്നായിരുന്നു തിക്കും തിരക്കുമുണ്ടായത്. പുതിയ സംവിധാനത്തെ കുറിച്ചും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും പ്രാദേശിക ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വിവിധ ദിശകളിലേക്ക് യാത്രക്കാരെ നയിക്കുന്നതിന് അടയാളങ്ങളും സെപ്പറേറ്ററുകളും വെക്കും. പ്രത്യേകിച്ച് ട്രെയിൻ വൈകുമ്പോൾ ജനക്കൂട്ടത്തിന്റെ ചലനം നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കും.
പ്രയാഗ്‌രാജുമായി ബന്ധിപ്പിച്ചിട്ടുള്ള 35 സ്റ്റേഷനുകൾ സെൻട്രൽ വാർ റൂം നിരീക്ഷിക്കും. തിരക്ക് നിയന്ത്രണ നടപടികളുടെ ഭാഗമായി കാൽനട പാലങ്ങളിലും പടിക്കെട്ടുകൾ ഇറങ്ങുന്ന സ്ഥലങ്ങളിലും ഇരിക്കുന്ന ആളുകളെ കാമറകൾ നിരീക്ഷിക്കും. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ മാത്രം 200 സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

