ചെന്നൈയിൽ 1,200 കോടി രൂപ ചെലവിൽ പുതിയ സെക്രട്ടേറിയറ്റ് നിയമസഭാ സമുച്ചയം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
text_fieldsസി. ജോസഫ് വിജയ്
ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ എല്ലാ വകുപ്പുകളെയും ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനായി ചെന്നൈയിൽ 1,200 കോടി രൂപ ചെലവിൽ അത്യാധുനിക സെക്രട്ടേറിയറ്റ്-നിയമസഭാ സംയോജിത സമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. 20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന പുതിയ സമുച്ചയത്തിലേക്ക് പ്രവർത്തനം മാറ്റുന്നതോടെ, കൊളോണിയൽ കാലഘട്ടം മുതൽ ഭരണകേന്ദ്രമായി തുടരുന്ന ചരിത്രപ്രസിദ്ധമായ ഫോർട്ട് സെന്റ് ജോർജിൽ നിന്നുള്ള സംസ്ഥാന ഭരണനിർവ്വഹണത്തിന് മാറ്റം വരും. തമിഴ്‌നാട് നിയമസഭയിൽ റൂൾ 110 പ്രകാരം നടത്തിയ സുപ്രധാന പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഈ നിർണായക പദ്ധതി പ്രഖ്യാപിച്ചത്.
നിലവിലെ ഭരണകേന്ദ്രമായ സെന്റ് ജോർജ് കോട്ടയിലെ സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും മറികടക്കാനും, ആധുനിക ജനസൗഹൃദ ഭരണസംവിധാനം ഉറപ്പാക്കാനുമാണ് പുതിയ സമുച്ചയം നിർമിക്കുന്നത്. ഇതിനുപുറമെ, കായിക വികസനം ലക്ഷ്യമിട്ട് ചെന്നൈയിൽ 'തമിഴ്‌നാട് ഒളിമ്പിക് സിറ്റി', 'മോട്ടോർ സ്പോർട്സ് സിറ്റി' എന്നിവ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. മദ്രാസ് ഹൈകോടതിയിലെ പ്രധാന വ്യവഹാര ഭാഷയായി തമിഴിനെ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സഭ ഐകകണ്ഠ്യേന പാസാക്കി.
തമിഴ്നാട് രാഷ്ട്രീയത്തിൽ സെക്രട്ടേറിയറ്റ് നിർമാണം മുൻപും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള വിഷയമാണ്. എം. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഓമന്തുരാർ ഗവൺമെന്റ് എസ്റ്റേറ്റിൽ പണികഴിപ്പിച്ച സെക്രട്ടേറിയറ്റ് സമുച്ചയം പിന്നീട് വന്ന ജയലളിത സർക്കാർ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുകയും ഭരണം വീണ്ടും ഫോർട്ട് സെന്റ് ജോർജിലേക്ക് തന്നെ നിലനിർത്തുകയുമായിരുന്നു. ഇതിന് വർഷങ്ങൾക്ക് ശേഷമാണ് ടിവികെ സർക്കാരിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ തമിഴ്‌നാടിനായി പുതിയൊരു സ്ഥിരം സെക്രട്ടേറിയറ്റ്-നിയമസഭാ സമുച്ചയം യാഥാർത്ഥ്യമാക്കാനുള്ള സമഗ്ര പദ്ധതിക്ക് മുഖ്യമന്ത്രി വിജയ് തുടക്കമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

