സി.ബി.എസ്.ഇ ഫലം വന്നപ്പോൾ പ്ലസ് വൺ പ്രവേശനത്തിന് പുതിയ നിയമക്കുരുക്ക്
text_fieldsതിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചിട്ടും പ്ലസ് വൺ പ്രവേശനത്തിന് പുതിയ നിയമക്കുരുക്ക്. പത്ത് ശതമാനം മാനേജ്മെന്റ് േക്വാട്ട സീറ്റ് അധികമായി വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് ഒരു വിഭാഗം എയ്ഡഡ് സ്കൂളുകൾ ഹൈകോടതിയിൽ നൽകിയ ഹരജിയാണ് കുരുക്കായത്. ഇതിൽ കോടതി തീർപ്പുകൽപ്പിക്കുംമുമ്പ് അലോട്ട്മെന്റ് നടത്താനാകില്ല.
എയ്ഡഡ് സ്കൂളുകളിൽ ന്യൂനപക്ഷ/പിന്നാക്ക സമുദായ മാനേജ്മെന്റുകൾക്ക് 20 ശതമാനം സീറ്റ് മാനേജ്മെന്റ് േക്വാട്ടയിലും 20 ശതമാനം സീറ്റ് മെറിറ്റടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് കമ്യൂണിറ്റി േക്വാട്ടയിലുമാണ് നൽകുന്നത്. ഈ വിഭാഗത്തിൽ വരാത്ത മുന്നാക്ക സമുദായ മാനേജ്മെന്റുകൾക്ക് 20 ശതമാനം സീറ്റ് മാനേജ്മെന്റ് േക്വാട്ടയിലും പത്ത് ശതമാനം കമ്യൂണിറ്റി േക്വാട്ടയിലുമാണ് നൽകുന്നത്.
ഏതെങ്കിലും സമുദായങ്ങളുമായി ബന്ധമില്ലാത്ത സ്കൂളുകൾക്ക് 20 ശതമാനം മാനേജ്മെന്റ് േക്വാട്ടയാണുള്ളത്. സമുദായങ്ങളുമായി ബന്ധമില്ലാത്ത സ്കൂളുകൾ 20 ശതമാനം മാനേജ്മെന്റ് സീറ്റിന് പുറമെ കഴിഞ്ഞ വർഷംവരെ അനർഹമായി കൈവശം വെച്ച പത്ത് ശതമാനം സീറ്റ് ഇത്തവണ സർക്കാർ തിരിച്ചുപിടിച്ച് സ്റ്റേറ്റ് മെറിറ്റിൽ ലയിപ്പിച്ചിരുന്നു. ഈ സീറ്റ് തിരികെ ലഭിക്കാനാണ് 66 സ്കൂൾ മാനേജ്മെന്റുകൾ ഹൈകോടതിയെ സമീപിച്ചത്.
പല സ്കൂളുകളും വൻ തുക വാങ്ങിയാണ് മാനേജ്മെന്റ് േക്വാട്ട സീറ്റുകളിൽ പ്രവേശനം നടത്തുന്നതെന്ന ആരോപണം നിലനിൽക്കെയാണ് മെറിറ്റിൽ ലയിപ്പിച്ച പത്ത് ശതമാനം സീറ്റിനായി മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചത്. കേസിൽ കോടതി വിധി പ്രതികൂലമായാൽ അലോട്ട്മെന്റ് നടപടികൾ പ്രതിസന്ധിയിലാകും. സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ പ്ലസ് വൺ അപേക്ഷ സമർപ്പണത്തിന് അവസരമുണ്ട്.
27നോ 28നോ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കാനാണ് ആലോചന. ഇതിനുശേഷം അപേക്ഷയിൽ തിരുത്തലിനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും മൂന്നുദിവസം കൂടി സമയം നൽകും. ആഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കാനാണ് ധാരണ. മാനേജ്മെന്റ് േക്വാട്ട സീറ്റ് സംബന്ധിച്ച കേസിൽ കോടതിയുടെ തീർപ്പ് വൈകിയാൽ പ്രവേശന ഷെഡ്യൂളിലും മാറ്റം വേണ്ടിവരും.