പഴയ വീറോടെ പുതിയ മന്ദിരത്തിൽ
text_fieldsന്യൂഡൽഹി: ഗണേശ ചതുർഥി ദിനത്തിൽ സെൻട്രൽ ഹാളിലെ അവസാന സംയുക്ത സമ്മേളനത്തിൽ പഴയ പാർലമെൻറ് മന്ദിരത്തെ ‘ഭരണഘടന മന്ദിരം’ ആക്കി അംഗങ്ങൾ പുതിയ മന്ദിരത്തിൽ ആദ്യമായി സമ്മേളിച്ചു. മന്ദിരം മാറിയെങ്കിലും ഭരണ-പ്രതിപക്ഷ എം.പിമാരുടെ പോര് തുടരുന്നതിന് ഇരുസഭകളുടെയും ആദ്യ സമ്മേളനം സാക്ഷ്യംവഹിച്ചു. രാവിലെ 10ന് ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ ഒന്നിച്ചും ഇരുസഭകളിലെ എം.പിമാർ വേറിട്ടും അണിനിരന്ന ഗ്രൂപ് ഫോട്ടോ സെഷന് ശേഷമായിരുന്നു സെൻട്രൽ ഹാളിലെ അവസാന സംയുക്തസമ്മേളനം.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ലോക്സഭ സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭയിലെ സഭ നേതാവ് പ്രഹ്ലാദ് ജോഷി, മുഖ്യ പ്രതിപക്ഷ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ സഭ നേതാവ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ അഭിസംബോധന ചെയ്ത സംയുക്ത സമ്മേളനം അവസാനിച്ച ശേഷം എം.പിമാർ പുതിയ പാർലമെന്റിലേക്ക് നീങ്ങി. പുതിയ വേഷവിധാനത്തിൽ അണിനിരന്ന ജീവനക്കാർ എം.പിമാരെ സ്വീകരിച്ചു.
ഉച്ചക്ക് ഒന്നേകാലിന് ആദ്യം സമ്മേളിച്ച ലോക്സഭയിലേക്ക് സ്പീക്കർ ഓം ബിർളയുടെയും പ്രധാനമന്ത്രി മോദിയുടെയും നേതൃത്വത്തിൽ ഭരണകക്ഷി എം.പിമാർ നീങ്ങിയപ്പോൾ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് മുഖ്യ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിക്ക് പിന്നാലെ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷാംഗങ്ങൾ കയറിയത്. തുടർന്ന് സ്പീക്കറിന്റെ ആമുഖപ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രിയും മുഖ്യ പ്രതിപക്ഷകക്ഷി നേതാവും സംസാരിച്ച ശേഷം കേന്ദ്ര നിയമമന്ത്രി അർജുൻ സിങ് മേഘ്വാൾ വനിത സംവരണ ബിൽ അവതരിപ്പിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി.
ഒരു എം.പിക്കുപോലും പകർപ്പ് നൽകാതെ ബിൽ അവതരണം നടത്തുന്നത് ചോദ്യംചെയ്തപ്പോഴാണ് പുതിയ മന്ദിരം കടലാസ് രഹിതമാണെന്നും എല്ലാം ഓരോ എം.പിമാരുടെയും മുന്നിൽ സ്ഥാപിച്ച കമ്പ്യൂട്ടറിലുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചത്. തങ്ങളുടെ കമ്പ്യൂട്ടറിൽ ഡൗൺലോഡ് ആകാത്ത ബിൽ അവതരിപ്പിക്കുന്നതിനെതിരെ നടുത്തളത്തിലേക്ക് നീങ്ങിയ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലാണ് ബിൽ അവതരണം പൂർത്തിയാക്കിയത്. ഏതാനും സഭ രേഖകൾ മേശപ്പുറത്ത് വെച്ചശേഷം സ്പീക്കർ സഭ ബുധനാഴ്ചത്തേക്ക് പിരിയുകയാണെന്നറിയിച്ചു.
ഉച്ചക്ക് രണ്ടരയോടെ സമ്മേളിച്ച രാജ്യസഭയിൽ ജഗ്ദീപ് ധൻഖറിന്റെ ആമുഖപ്രസംഗത്തിനുശേഷം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും സംസാരിച്ച് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. രാജ്യസഭയിൽ നിരവധി തവണ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തി പല കേന്ദ്രമന്ത്രിമാരെയും സംസാരിക്കാൻ അനുവദിച്ചത് പ്രതിപക്ഷത്തെ പ്രകോപിതരാക്കി. ചെയർമാനും പ്രതിപക്ഷവും തമ്മിലുള്ള വാഗ്വാദത്തിനും ആദ്യ സമ്മേളനം സാക്ഷ്യംവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

