സെപ്റ്റംബർ രണ്ട് ചരിത്രദിനം; നാവികസേനയുടെ പുതിയ പതാക ശിവജിയിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്നു -മോദി
text_fieldsകൊച്ചി: തദ്ദേശീയമായി വിമാനവാഹിനി കപ്പൽ നിര്‍മിച്ചതിലൂടെ വികസിത രാജ്യത്തിലേക്കുള്ള കുതിപ്പില്‍ ഇന്ത്യ ഒരു ചുവടുകൂടി മുന്നോട്ടുവെച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കരുത്താണ് ഐ.എൻ.എസ് വിക്രാന്ത്. കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദ്ര മേഖലയിൽ വെല്ലുവിളികള്‍ ഉയർത്തുന്നവർക്കും രാജ്യത്തിന്റെ മറുപടിയാണ് വിക്രാന്ത്. വിക്രാന്ത് എന്നത് വെറുമൊരു യുദ്ധക്കപ്പലല്ല. 21ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും പ്രതിബദ്ധതയുടെയും അടയാളമാണിത്. വിക്രാന്തിലൂടെ ഒരുലക്ഷ്യവും നമുക്ക് അസാധ്യമല്ലെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുന്നു. കടലില്‍ വിക്രാന്തും ആകാശത്ത് തേജസും ഏതു വെല്ലുവിളികളും നേരിടാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയിരിക്കുന്നു. കേരളമെന്ന പുണ്യഭൂമിയില്‍നിന്നും ഓണക്കാലത്തുതന്നെ രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായി എന്നത് ആഹ്ലാദകരമാണ്. ഒരു വെല്ലുവിളിയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രയാസകരമല്ല എന്ന വിശ്വാസം രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നു.
വിക്രാന്ത് സര്‍വസജ്ജമായി കടലിലേക്കിറങ്ങുമ്പോള്‍ വനിത സൈനികരും അതിനൊപ്പം ഉണ്ടാകും. വനിതകള്‍ക്ക് സേനകളില്‍ കൂടുതല്‍ അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശീയ ഉൽപന്ന നിര്‍മാണം രാജ്യത്തിനു മുതൽക്കൂട്ടാകുമെന്നും മോദി പറഞ്ഞു. സ്വയം പര്യാപ്തതയുടെ പ്രതീകമാണ് വിക്രാന്തെന്ന് ചടങ്ങില്‍ സംസാരിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. വിക്രാന്ത് രാജ്യസുരക്ഷക്ക് മുതല്‍ക്കൂട്ടാകും. പ്രതിരോധ ഉൽപാദന മേഖലയില്‍ വലിയ വളര്‍ച്ച നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, അജയ് ഭട്ട്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, നാവികസേന മേധാവി ആർ. ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാവികസേനക്ക് പുതിയ പതാക
കൊച്ചി: കൊളോണിയൽ ഭരണകാലത്തെ പ്രതീകങ്ങൾ പൂർണമായും ഒഴിവാക്കി ഇന്ത്യന്‍ നാവിക സേനക്കായി തയാറാക്കിയ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഐ.എൻ.എസ് വിക്രാന്ത് കൊച്ചിയിൽ കമീഷന് ചെയ്യുന്ന വേളയിലാണ് പതാക പുറത്തിറക്കിയത്. ശുഭ്രമായ പശ്ചാത്തലത്തില്‍ ദേശീയപതാകയും ദേശീയ മുദ്രയും നേവിയുടെ അടയാളവും ഒന്നിക്കുന്നതാണ് പുതിയ പതാക.
നാവികസേനയുടെ കൊടിയടയാളം എന്‍സൈന്‍ എന്നാണ് അറിയപ്പെടുന്നത്. വൈറ്റ് എന്സൈനിൽ ഇപ്പോള്‍ രണ്ട് പ്രധാന ഘടകങ്ങൾ ഉള്‍ക്കൊള്ളുന്നു. മുകളില്‍ ഇടത് ദേശീയപതാക, ഫ്ലൈയിങ് സൈഡിന്റെ മധ്യഭാഗത്ത് നീല -സ്വർണ നിറത്തിൽ സുവർണ ബോര്ഡറിൽ അഷ്ടഭുജം.
അതിനുള്ളിൽ ഒരു നങ്കൂരത്തിന് മുകളില്‍ വിശ്രമിക്കുന്ന സുവര്‍ണ ദേശീയ ചിഹ്നം ഉള്‍ക്കൊള്ളുന്നു. ഛത്രപതി ശിവജിയുടെ മുദ്രയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഘടകങ്ങൾ പുതിയ പതാകയിലുണ്ട്. നീല അഷ്ടഭുജാകൃതിയിലുള്ള കവചം ഇന്ത്യൻ നാവികസേനയുടെ വ്യാപ്തിയെയും ബഹുമുഖ പ്രവർത്തന ശേഷിയെയും എട്ട് ദിശകളെയും പ്രതിനിധാനം ചെയ്യുന്നുവെന്ന് നാവികസേന പറഞ്ഞു. നങ്കൂരചിഹ്നം ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ്.
പതാകയിൽ മാറ്റം നാലാം തവണ
കൊച്ചി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം നാലാം തവണയാണ് നാവികസേന പതാകയിൽ മാറ്റം വരുത്തുന്നത്. 1879ല്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യന്‍ നാവിക കപ്പലുകള്‍ക്ക് ആദ്യമായി പതാക ഏര്‍പ്പെടുത്തിയത്. അന്ന് ഇന്ത്യന്‍ നാവികസേനക്ക് ബ്രിട്ടീഷ് പതാകയായിരുന്നു. 1928ല്‍ അത് മാറി. പതാകയെ സെന്റ് ജോര്‍ജ് ക്രോസ് എന്ന ചുവന്ന കുരിശുരൂപം കൊണ്ട് നാലായി വിഭജിക്കുന്ന ഡിസൈന്‍ നിലവില്‍ വന്നു. നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക ആലേഖനം ചെയ്യുകയും ബാക്കി വെള്ള നിറത്തിലുമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം അത് മാറ്റി, പക്ഷേ ബ്രിട്ടീഷ് പതാകയില്‍നിന്ന് കാര്യമായ മാറ്റമുണ്ടായില്ല. 1950 മുതല്‍ 2001 വരെയുള്ള ഇന്ത്യന്‍ നാവികസേനയുടെ പതാക ഇങ്ങനെയായിരുന്നു.
2001ൽ കേന്ദ്ര സർക്കാർ സെന്റ് ജോർജ് ക്രോസ് മാറ്റി നാവികസേനയുടെ ചിഹ്നവും ദേശീയപതാകയുമടങ്ങിയതാക്കി. അക്കാലത്താണ് പതാകയിൽ നീല നാവികസേന ചിഹ്നം കൂട്ടിച്ചേർത്തത്.
എന്നാൽ, കടലിന്റെയും ആകാശത്തിന്റെയും പശ്ചാത്തലത്തിൽ പതാക തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിനെ തുടർന്ന് 2004ൽ വീണ്ടും സെന്റ് ജോർജ് ക്രോസ് ഉൾപ്പെടുത്തി. 2014ലാണ് അവസാന മാറ്റം കൂട്ടിച്ചേർത്ത പതാകയാണിപ്പോൾ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

