മോദിജിയുടെ ആധുനിക ഇന്ത്യക്ക് വേണ്ടത് മദ്റസകളിലെ മൗലവിമാരെയല്ല; ഡോക്ടർമാരെയും എൻജിനീയർമാരെയും -ഹിമന്ത ബിശ്വ ശർമ
text_fieldsമുസഫർപുർ: പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ആധുനിക ഇന്ത്യയിൽ മദ്റസകൾ ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്റസകളല്ല, ആധുനിക സർവകലാശാലകളാണ് ഡോക്ടർമാരെയും എൻജിനീയർമാരെയും ഉൽപാദിപ്പിക്കുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. മുസഫർപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഹിമന്ത. 400ലേറെ സീറ്റുകൾ നേടി എൻ.ഡി.എ സർക്കാർ അധികാരം നിലനിർത്തുകയാണെങ്കിൽ മധുരയിലും വാരണാസിയിലും വലിയ ക്ഷേത്രങ്ങൾ നിർമിക്കുമെന്നും ഏകസിവിൽകോഡ് നടപ്പാക്കുമെന്നും ഹിമന്ത പറഞ്ഞു.
''മോദിജിയുടെ ആധുനിക ഇന്ത്യക്ക് മദ്റസകൾ ആവശ്യമില്ല. നമുക്ക് ആധുനിക സ്കൂളുകളും കോളജുകളും ആണ് വേണ്ടത്. അവയാണ് ഡോക്ടർമാരെയും എൻജിനീയർമാരെയും ഉൽപാദിപ്പിക്കുന്നത്. മദ്റസകളിലെ മൗലവിമാരെയല്ല നമുക്ക് വേണ്ടത്.''-ഹിമന്ത പറഞ്ഞു. 400 ലേറെ സീറ്റുകൾ നേടിയാൽ ഞങ്ങൾ ഏകസിവിൽ കോഡ് നടപ്പാക്കും. കൃഷ്ണൻ ജനിച്ച മധുരയിലും കാശിയും വാരണാസിയിലും വലിയ ക്ഷേത്രങ്ങൾ നിർമിക്കും. രാമക്ഷേത്ര പ്രതിഷ്ഠയിൽ പോലും പങ്കെടുക്കാത്തവരാണ് ലാലു പ്രസാദ് യാദവും രാഹുൽ ഗാന്ധിയും. രാമവിഗ്രഹത്തെ ടെന്റിലേക്ക് മാറ്റുകയാണ് അവരുടെ ലക്ഷ്യം. അങ്ങനെയൊരിക്കലും സംഭവിക്കാൻ പാടില്ല. നാം അത് അനുവദിച്ചുകൊടുക്കരുത്. ഒ.ബി.സി വിഭാഗങ്ങളുടെ കടുത്ത ശത്രുവാണ് ആർ.ജെ.ഡിയെന്നും ഹിമന്ത ആരോപിച്ചു.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം നൽകുന്നത് പാകിസ്താനിലാണ്. ഇന്ത്യയിലല്ല. മുസ്‍ലിംകൾക്ക് സംവരണം നൽകുകയാണ് ലക്ഷ്യമെങ്കിൽ ലാലു പാകിസ്താനിലേക്ക് പോകണം. എൻ.ഡി.എ ഒരുതരത്തിലും അത് അനുവദിക്കില്ല. രാഹുൽ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാകില്ല. പ്രധാനമന്ത്രിയാകണമെങ്കിൽ അദ്ദേഹം പാകിസ്താനിൽ പോയി മത്സരിക്കേണ്ടി വരും. പ്രീതിപ്പെടുത്തൽ രാഷ്ട്രീയമാണ് രാഹുലിന്റെയും സംഘത്തിന്റെതുമെന്നും ഹിമന്ത പരിഹസിച്ചു. മുസഫർപൂരിൽ മേയ് 20നാണ് വോട്ടെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

