പുതിയ ഉയരങ്ങൾ തേടി; രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു
text_fieldsന്യൂഡൽഹി: ബഹിരാകാശ രംഗത്ത് പുതിയ കുതിപ്പിന് വഴിയൊരുക്കി, രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത വിക്രം എസ് വെള്ളിയാഴ്ച രാവിലെ 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽനിന്നാണ് വിക്ഷേപിച്ചത്. റോക്കറ്റ് മൂന്നു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും.
'വിക്ഷേപിച്ചു! വിക്രം-എസ് ആകാശത്തെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റായി ചരിത്രം സൃഷ്ടിച്ചു. ഈ സുപ്രധാന അവസരത്തിൽ ഞങ്ങളോടൊപ്പം നിന്നതിന് എല്ലാവർക്കും നന്ദി പറയുന്നു' -സ്കൈറൂട്ട് ട്വീറ്റ് ചെയ്തു. ഇതോടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വക്ഷേപിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനിയായി സ്കൈറൂട്ട് . 'പ്രാരംഭ്' എന്ന് പേരിട്ടിരിക്കുന്ന സ്കൈറൂട്ട് എയറോസ്‌പേസിന്റെ കന്നി ദൗത്യം കൂടിയാണിത്. ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണവും ബഹിരാകാശ ദൗത്യവുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് വിക്ഷേപണ വാഹനത്തിന് 'വിക്രം' എന്ന് പേരിട്ടിരിക്കുന്നത്. 2020ൽ കേന്ദ്ര സർക്കാർ ഇന്ത്യയുടെ സ്പേസ് ഇൻഡസ്ട്രി സ്വകാര്യ മേഖലക്കായി തുറന്നു കൊടുത്തിരുന്നു. ആറ് മീറ്റർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. സ്വന്തമായി വിക്ഷേപണ വാഹനങ്ങൾ നിർമിക്കാൻ ലക്ഷ്യമിടുന്ന കമ്പനിയുടെ പരീക്ഷണ ദൗത്യമാണിത്. കമ്പനി വികസിപ്പിച്ച റോക്കറ്റ് സാങ്കേതിക വിദ്യകളുടെ പ്രാപ്തി അളക്കുന്ന പരീക്ഷണം കൂടിയാണിത്. ദൗത്യം വിജയിച്ചാൽ അടുത്ത വർഷം കൂടുതൽ കരുത്തനായ വിക്ഷേപണവാഹനം വിക്രം ഒന്ന് എത്തും.
നാല് വർഷം മുമ്പാണ് സ്കൈറൂട്ട് എന്ന സ്റ്റാർട്ടപ്പിന് ഹൈദരാബാദിൽ തുടക്കമാകുന്നത്. വിക്ഷേപണ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ രംഗപ്രവേശത്തെ ഐ.എസ്.ആർ.ഒയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണം സ്വകാര്യ മേഖലയിലേക്ക് മാറ്റി, ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഐ.എസ്.ആർ.ഒയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

