ജി-23യുടെ അവസാനമായെന്ന് പൃഥ്വിരാജ് ചവാൻ; 'കോൺഗ്രസിന് ആവശ്യം മുഴുവൻ സമയ അധ്യക്ഷനെ'
text_fieldsമുംബൈ: സംഘടനാ തെരഞ്ഞെടുപ്പോടുകൂടി കോൺഗ്രസിന് പുതിയ അധ്യക്ഷൻ വരുന്നതോടെ 'ജി-23' ഗ്രൂപ് ഉയർത്തിയ ആവശ്യങ്ങൾ യാഥാർഥ്യമാവുകയാണെന്ന് മുതിർന്ന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ. സംഘടനാ തെരഞ്ഞെടുപ്പ് നടത്തുക, മുഴുവൻ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കുക എന്നിവയായിരുന്നു താൻ കൂടി ഉൾപ്പെട്ട ജി-23 നേതാക്കളുടെ ആവശ്യം. അത് പൂർത്തിയാവുകയാണ്. ഇതോടെ ജി-23ക്കും അവസാനമാവുകയാണെന്നാണ് താൻ വിശ്വസിക്കുന്നത് -ചവാൻ പറഞ്ഞു. കോൺഗ്രസിലെ പ്രമുഖരായ 23 നേതാക്കൾ ആവശ്യങ്ങൾ ഉന്നയിച്ച് സോണിയ ഗാന്ധിക്ക് കത്ത് നൽകിയതോടെയാണ് ഇവരെ വിമത ജി-23 ഗ്രൂപ് നേതാക്കളെന്ന് വിളിച്ച് തുടങ്ങിയത്.
സ്ഥാനാർഥികൾ തമ്മിലുള്ള മത്സരത്തെ കുറിച്ച് പരസ്യമായി പ്രതികരിക്കരുതെന്ന് നേതാക്കൾക്ക് ഹൈകമാൻഡ് കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ജനാധിപത്യ പ്രക്രിയയിൽ ഒരു പ്രശ്നം ചൂണ്ടിക്കാട്ടാനുണ്ടെങ്കിൽ ആർക്കും സംസാരിക്കാം എന്ന് പൃഥ്വിരാജ് ചവാൻ പറഞ്ഞു. പാർട്ടി സംസ്ഥാന ഘടകങ്ങൾ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ സോണിയയോട് ആവശ്യപ്പെടുന്നതും രാഹുൽ ഗാന്ധി അധ്യക്ഷനാകാൻ പ്രമേയം പാസ്സാക്കുന്നതും എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇതിന് പകരം തെരഞ്ഞെടുപ്പ് പ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. രാഹുൽ ഗാന്ധിക്ക് മത്സരിക്കണമെന്ന് ഇന്ന് തോന്നുകയാണെങ്കിൽ പത്രിക നൽകട്ടെ, അദ്ദേഹത്തെയും സ്വാഗതം ചെയ്യാം.
താൻ ഉൾപ്പെടുന്ന ജി-23 ഗ്രൂപ്പ് ഒരിക്കലും നെഹ്റു കുടുംബത്തിന് എതിരായിരുന്നില്ലെന്ന് ചവാൻ പറഞ്ഞു. അത്തരം വാദങ്ങൾ തെറ്റാണ്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ തീരുമാനിക്കണമെന്നും അധ്യക്ഷൻ മുഴുവൻ സമയവും പ്രവർത്തിക്കുന്നയാളാകണമെന്നുമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഈ രണ്ട് ആവശ്യങ്ങളും സോണിയ ഗാന്ധി അംഗീകരിച്ചതാണ്.
കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അശോക് ഗെഹ്ലോട്ടിന്‍റെ താൽപര്യത്തെ ചവാൻ വിമർശിച്ചു. മികച്ച നേതാവാണ് ഗെഹ്ലോട്ട്. അദ്ദേഹത്തെ പിന്തുണക്കണോ വേണ്ടയോ എന്ന കാര്യം ഞങ്ങൾ തീരുമാനിച്ചിട്ടില്ല. എന്നാൽ, രണ്ട് സ്ഥാനങ്ങളും വേണമെന്ന് ഗെഹ്ലോട്ട് നിർബന്ധം പിടിച്ചാൽ ഞങ്ങൾ എതിർക്കും. കോൺഗ്രസ് പ്രസിഡന്‍റിന്‍റെ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരു പാർട് ടൈം പദവിയല്ല -പൃഥ്വിരാജ് ചവാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

