ബംഗാളിൽ പുതിയ ക്രിസ്ത്യൻ പള്ളി അക്രമിസംഘം അടിച്ചുതകർത്തു; ഉദ്ഘാടനത്തിനെത്തിയ ബിഷപ്പിനും വിശ്വാസികൾക്കും മർദനം
text_fieldsകൊൽക്കത്ത: ഉദ്ഘാടനച്ചടങ്ങിനിടെ പുതുതായി നിർമിച്ച ക്രിസ്തീയ ദേവാലയം അടിച്ചുതകർത്ത് അക്രമിസംഘം. ബിഷപ്പും വൈദികരും വിശ്വാസികളുമടങ്ങുന്നവരെ മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ഉദ്ഘാടന വേളയിൽ ഒരു സംഘം ആളുകൾ അതിക്രമിച്ചുകയറി പള്ളി അടിച്ചുതകർക്കുകയും വിശ്വാസികളെ മർദിക്കുകയുമായിരുന്നു. ബസന്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ നാരായൺതാലയിലാണ് അക്രമം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിഷപ്പ് സുബ്രത ചക്രവർത്തിയുടെ കാർമികത്വത്തിലുള്ള ഉദ്ഘാടനച്ചടങ്ങിനിടയിലാണ് 30ഓളം വരുന്ന അക്രമിസംഘം ഇരച്ചുകയറിയതെന്ന് പൊലീസ് വ്യക്തമാക്കി. പള്ളിയുടെ കുരിശ് തകർത്ത അക്രമികൾ, ചടങ്ങിൽ പങ്കെടുത്ത സ്ത്രീകളെ ഉൾപ്പെടെ കൈയേറ്റം ചെയ്തു. സ്ത്രീകളുടെ പരമ്പരാഗത ചിഹ്നമായ 'ശാഖ' ഊരിമാറ്റാൻ ആവശ്യപ്പെടുകയും ഇവരെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചവരുടെ ഫോണുകൾ അക്രമികൾ തല്ലിത്തകർക്കുകയും പരാക്രമം നടത്തിയെന്നും ഇരയായവർ പറഞ്ഞു. വരുംദിവസങ്ങളിൽ ഇവിടെ മതപരമായ ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായി കോൺഗ്രിഗേഷൻ അംഗങ്ങൾ വ്യക്തമാക്കി.
ന്യൂനപക്ഷ സമൂഹത്തെ ഭയപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് സംഭവത്തെ അപലപിച്ചുകൊണ്ട് ക്രിസ്ത്യൻ സംഘടനയായ 'ബംഗിയ ക്രിസ്ത്യൻ പരിഷത്ത്' (ബി.സി.പി) പ്രതികരിച്ചു. ബിഷപ്പ് നേരിട്ട് സംബന്ധിച്ച ഒരു ഉദ്ഘാടനച്ചടങ്ങിനിടയിൽ വൈദികർ ക്രൂരമായി മർദിക്കപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും നിയമം കൈയിലെടുക്കുന്ന ഇത്തരം സംഘടനകൾ സമാധാനപ്രിയരായ ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ബി.സി.പി സംസ്ഥാന സെക്രട്ടറി ഹെറോദ് മല്ലിക് ചൂണ്ടിക്കാട്ടി.
ഇതിനു തൊട്ടുമുമ്പ് പശ്ചിമ ബംഗാളിലെ പശ്ചിം മേദിനിപൂർ ജില്ലയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 18 മാസം മുമ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മൂന്ന് കുടുംബങ്ങളെ മതം ഉപേക്ഷിക്കാൻ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പരാതി ലഭിച്ചിരുന്നു. സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി ചില പ്രത്യേക മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ ഈ കുടുംബങ്ങളെ നിർബന്ധിച്ചതായും അവർ പൊലീസിൽ പരാതി നൽകിയിരുന്നു.

