എം.എൽ.എമാർക്ക് പുതിയ കാർ, മാസം 75,000 രൂപ വാഹന അലവൻസും; വൻപ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്
text_fieldsചെന്നൈ: എം.എൽ.എമാർക്ക് വമ്പൻ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. എല്ലാ എം.എൽ.എമാർക്കും സർക്കാർ കാർ നൽകുമെന്നും മണ്ഡലങ്ങളിലെത്തി ജനത്തെ കാണുന്നതിന് മാസം 75,000 രൂപ വാഹന അലവൻസായി നൽകുമെന്നും വിജയ് അറിയിച്ചു.
ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ എം.എൽ.എമാർക്ക് മണ്ഡലത്തിലെത്തി ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും കാറുകൾ വേണമെന്നും വി.സി.കെ എം.എൽ.എ ജ്യോതിമണി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിജയിയുടെ പ്രഖ്യാപനം. ഡ്രൈവറുടെ ശമ്പളത്തിനും കാറുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾക്കുമായാണ് പ്രതിമാസം 75,000 രൂപ അലവൻസായി നൽകുന്നത്.
കൂടാതെ, എം.എൽ.എ ഓഫിസിൽ സഹായിയെ നിർത്താനായി മാസം 25,000 രൂപയും നൽകും. ഔദ്യോഗിക വാഹനങ്ങൾ ഇല്ലാത്തതിനാൽ മണ്ഡലത്തിലെ ജനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും കാണാനുള്ള പ്രയാസം പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ അറിയിച്ചിരുന്നു. യാത്രക്കായി തങ്ങളുടെ ശമ്പളത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കാൻ നിർബന്ധിതരാകുകയാണെന്നും പല എം.എൽ.എമാരും പരാതിപ്പെട്ടിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി 351 കോടി
സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കുന്നതിനായി സർക്കാർ 351 കോടി രൂപ പ്രഖ്യാപിച്ചു. ആരോഗ്യമേഖലയിലെ പ്രഫഷനലുകളെ വാർത്തെടുക്കുന്നതിനായി 6,098 അധിക സീറ്റുകൾ സൃഷ്ടിക്കും. ഇതിൽ 660 ബി.എസ്‌സി നഴ്സിങ് സീറ്റുകളും, നഴ്സിങ് കോളജുകളിലും സ്കൂളുകളിലുമായി 1,925 അധിക സീറ്റുകളും 12 പാരാമെഡിക്കൽ കോഴ്സുകളിലായി 2,778 സീറ്റുകളും മെഡിക്കൽ കോഴ്സുകളിൽ 735 അധിക സീറ്റുകളും ഉൾപ്പെടും. സർക്കാർ പുതിയ ഏഴ് നഴ്സിങ് കോളജുകളും സ്ഥാപിക്കും. 300 കോടി രൂപ ചെലവിൽ പെരമ്പലൂരിൽ ലോകോത്തര നിലവാരത്തിലുള്ള 400 കിടക്കകളുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രി നിർമിക്കും.
നൂതനമായ വൈദ്യചികിത്സയും ആരോഗ്യ സേവനങ്ങളും ഇവിടെ ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ചികിത്സക്കുള്ള വാർഷിക പരിധി അഞ്ചു ലക്ഷം രൂപയിൽനിന്ന് 25 ലക്ഷം രൂപയായി ഉയർത്താനും സർക്കാർ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

