നിതീഷ് കുമാർ സർക്കാറിന്‍റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; എൽ.ജെ.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയേക്കും
text_fieldsനിതീഷ് കുമാർ
പട്ന: നിയമസഭ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിക്ഷം നേടിയ എൻ.ഡി.എയുടെ പുതിയ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പട്നയിലെ ഗാന്ധി മൈതാനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയെന്ന് നേരത്തെ മുന്നണി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ചിരാഗ് പസ്വാന്‍റെ എൽ.ജെ.പിക്ക് ഒരു ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്ന് റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. മറ്റൊരു ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി എം.എൽ.എയാകും സ്ഥാനമേൽക്കുക.
നിതീഷിന് പുറമെ ജെ.ഡി.യുവില്‍നിന്ന് 14 പേരും 16 ബി.ജെ.പി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എൽ.ജെ.പിക്ക് മൂന്ന് മന്ത്രിസ്ഥാനവും മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും. പത്താംതവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയില്‍ 202 സീറ്റും തൂത്തുവാരി എൻ.ഡി.എ ഭരണം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യാസഖ്യം 35 സീറ്റില്‍ ഒതുങ്ങി. 89 സീറ്റുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 85 സീറ്റുമായി ജെ.ഡി.യു ഒപ്പത്തിനൊപ്പം നിന്നു. ചിരാഗ് പസ്വാന്റെ എല്‍.ജെ.പി (റാംവിലാസ്) ഉള്‍പ്പെടെ മുന്നണിയിലെ എല്ലാ കക്ഷികളും മിന്നുംപ്രകടനം കാഴ്ചവച്ചു.
പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിൽ തേജസ്വി യാദവിന്‍റെ ആർ.ജെ.ഡി 25 സീറ്റുകളിൽ വിജയിച്ചു. കോണ്‍ഗ്രസ്, സി.പി.ഐ (എം.എല്‍) തുടങ്ങി മഹാസഖ്യത്തിലെ മറ്റു പാര്‍ട്ടികളൊന്നും രണ്ടക്കം തികച്ചില്ല. കഴിഞ്ഞതവണ 19 സീറ്റ് നേടിയ കോണ്‍ഗ്രസിന് ലഭിച്ചത് ആറ് സീറ്റ് മാത്രം. സി..പി.എം ഒറ്റ സീറ്റിലൊതുങ്ങി. സി.പി.ഐ പൂജ്യം. കഴിഞ്ഞതവണ ഇരുകക്ഷികള്‍ക്കും രണ്ട് സീറ്റ് വീതമുണ്ടായിരുന്നു. മാറ്റം വാഗ്ദാനം ചെയ്‌തെത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. എക്സിറ്റ് പോളുകളിൽ പ്രവചിച്ചതിനേക്കാൾ വലിയ വിജയമാണ് ബിഹാറിൽ എൻ.ഡി.എ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

