ആധാർ കാർഡ് ഇനി പഴഞ്ചൻ; ആപ്പ് ഡൗൺലോഡ് ചെയ്ത്, ആധാറും സ്മാർട്ടാക്കൂ..
text_fieldsന്യൂഡൽഹി: പഴഞ്ചൻ ആധാർ കാർഡിനെ ഇനി മറന്നേക്കാം. രാജ്യത്തെ 140 കോടി പൗരന്മാർക്ക് സുരക്ഷിതമായ ഡിജിറ്റൽ ആധാർ കാർഡുമായി ആധാർ ആപ്പ് പുറത്തിറങ്ങി. ‘Aadhaar’ ആപ്പ് ഗൂഗ്ൾ േപ്ല സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഇപ്പോൾ ഡൗൺലോഡ് ചെയ്ത് ആധാർ ഇനി ഡിജിറ്റലാക്കി മാറ്റാം.
തിരിച്ചറിയൽ രേഖ ആവശ്യത്തിന് പേപ്പർ കാർഡ് ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കുന്ന രൂപത്തിൽ ഡിജിറ്റൽ ആധാർ കാർഡ് ഉറപ്പാക്കുന്ന സേവനവുമായാണ് ആധാർ ആപ്പ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) പുറത്തിറക്കിയത്.
മുഖതിരിച്ചറിയൽ സങ്കേതിക വിദ്യ ഉൾപ്പെടെ ബയോമെട്രിക് ലോക് സൗകര്യങ്ങളും, ക്യൂ.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഷെയറിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന സാങ്കേതിക സുരക്ഷയോടെയാണ് ആപ്പ് തയ്യാറാക്കിയത്. ഒരു മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പിലൂടെ കുടുംബത്തിലെ അഞ്ച് പേരുടെ ആധാർ കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ, എല്ലാ കാർഡിനും ഒരേ ഫോൺ നമ്പറിലായിരിക്കണം രജിസ്റ്റർ ചെയ്തിരിക്കേണ്ടത്.
പ്രധാന സവിശേഷതകൾ
ഒന്നിലേറെ പ്രൊഫൈൽ മാനേജ്മെന്റ്: ഓരോ കാർഡിനും വ്യത്യസ്ത ഫോണുകൾ വേണോ എന്ന ആശങ്കവേണ്ടതില്ല. ഒരു കുടുംബത്തിന് ഒരു ഫോണിൽ അഞ്ച് ആധാർ വരെ ലോഗിൻ ചെയ്യാം. എന്നാൽ, എല്ലാം ഒരു നമ്പറുമായി ലിങ്ക് ചെയ്തതായിരിക്കണം.
ബയോ മെട്രിക് സുരക്ഷാ ലോക്ക്: ആധാർ ആപ്പ് സുരക്ഷക്കായി ബയോമെൺട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. യഥാർത്ഥ ഉടമയാണ് ആധാർ ആപ്പിൽ പ്രവേശിക്കുന്നതെന്ന് ഫേസ് ഐഡന്റിഫിക്കേഷൻ ഉൾപ്പെടെ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കാം.
ഡാറ്റ ഷെയറിങിൽ സുരക്ഷിതം: ആവശ്യമായ വിവരങ്ങൾ മാത്രം വെളിപ്പെടുത്താൻ കഴിയും വിധം ഉപയോക്താവിന് ഡാറ്റ നിയന്ത്രിക്കാനുള്ള സൗകര്യം. പേരും ഫോട്ടോയും മാത്രം പങ്കുവെക്കാനുള്ള അവസരത്തിൽ വിലാസവും ജനനതീയതിയും മറച്ചുവെക്കാൻ കഴിയും.
ക്യൂ.ആർ കോഡ് വെരിഫിക്കേഷൻ: ബാങ്ക്, സർക്കാർ ഓഫീസുകൾ, സർവീസ് സെന്റർ എന്നിവടങ്ങളിൽ ആധാർ കാർഡ് ക്യൂ.ആർ കോഡ് വഴി എളുപ്പത്തിൽ വെരിഫൈ ചെയ്യാൻ സൗകര്യം.
ഓഫ് ലൈനിലും ലഭ്യം: ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ആപ്പിലെ ആധാർ കാർഡ് ഉപയോഗിക്കാം.
ഉപയോഗിച്ചതും അറിയാം: ആധാർ ഉപയോഗം ട്രാക്ക് ചെയ്യാനുള്ള അവസരമുണ്ട്. എവിടെ, എപ്പോഴെല്ലാം ആധാർ ഉപയോഗിച്ചുവെന്ന് ഇതുവഴി തിരിച്ചറിയാം.
ആധാർ ആപ്പ് എങ്ങിനെ ഡൗൺലോഡ് ചെയ്യാം
1-ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ േപ്ല സ്റ്റോറിൽ നിന്നും, ഐ ഫോണിൽ ആപ്പിൽ സ്റ്റോറിൽ നിന്നും ‘Aadhaar’ എന്ന് ടൈപ് ചെയ്ത് ഡൗൺലോഡ് ചെയ്യാം.
2-ഡൗൺലോഡ് ചെയ്ത ശേഷം ഭാഷ തെരഞ്ഞെടുത്ത്, 12 അക്ക ആധാർ നമ്പർ നൽകുക.
3-ഒ.ടി.പി വെരിഫൈ: ലിങ്ക് ചെയ്ത നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി ആധാർ വെരിഫൈ ചെയ്യുക.
4- ഫേസ് ഓഥന്റിഫിക്കേഷൻ: മുഖം സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കൽ നിർബന്ധം. സുരക്ഷക്കായി ഇത് അനിവാര്യമാണ്.
5- പിൻ സുരക്ഷ: ആറ് ഡിജിറ്റ് പിൻ സുരക്ഷ ഉറപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

