ഇൻഡ്യ സഖ്യം പിരിച്ചുവിടണമെന്ന് പറഞ്ഞിട്ടില്ല -സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: ഇൻഡ്യ സഖ്യം പിരിച്ചുവിടണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. തനിക്കോ പാർട്ടിക്കോ അത്തരമൊരു അഭിപ്രായമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡ്യ സഖ്യമോ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിയോ പിരിച്ചു വിടണമെന്ന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം ശിവസേന എടുത്തതിന് പിന്നാലെയാണ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം. എല്ലാ പാർട്ടിക്കാർക്കും സംഘടന വളർത്താനുളള അവസരം വേണമെന്നും അതിനുള്ള സന്ദർഭമാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പാണെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനുള്ള ശിവസേനയുടെ തീരുമാനം ഇൻഡ്യ സഖ്യത്തിന് പുതിയ വെല്ലുവിളിയായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പിയും കോൺഗ്രസും ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത് ഡൽഹിയിലും ഇൻഡ്യ സഖ്യത്തിന് തിരിച്ചടിയായിരുന്നു. പാർട്ടികൾ പരസ്പരം മത്സരിക്കുന്നത് സഖ്യത്തിന്റെ തകർച്ചക്ക് കാരണമാകുമെന്ന വിമർശനത്തിനിടെയാണ് മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സഞ്ജയ് റാവത്തിന്റെ പ്രസ്താവന പുറത്ത് വരുന്നത്.
ഞാനോ എന്റെ പാർട്ടിയോ ഒരിക്കലും ഇൻഡ്യ സഖ്യം പിരിച്ചുവിടണമെന്ന് പറയില്ല. മഹാവികാസ് അഖാഡി സഖ്യം നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് രുപീകരിച്ചത്. ഇൻഡ്യ സഖ്യം ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടിയാണ്. പാർട്ടിയേയും പ്രവർത്തകരേയും ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

