മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടില്ല; നൽകിയത് ബി.ജെ.പിയുടെ ഹൃദയ വിശാലതയെന്ന് ഏക്നാഥ് ഷിൻഡെ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വിമത നീക്കങ്ങൾ നടത്തി മഹാ വികാസ് അഘാഡി സർക്കാറിനെ തള്ളിയിട്ടത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയായിരുന്നില്ലെന്ന് ശിവസേന വിമതനും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. മഹാവികാസ് അഘാഡി സർക്കാറിലെ സഖ്യകക്ഷികളുമായുള്ള ആശയപരമായ ഭിന്നതയാണ് വിമത നീക്കത്തിലേക്ക് നയിച്ചതെന്നും ഷിൻഡെ എൻ.ഡി.ടി.വിയോട് പറഞ്ഞു.
ഞാൻ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടില്ല. ബാൽ താക്കറെയുടെ ഹിന്ദുത്വ ആശയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങൾ. പാർട്ടി പ്രവർത്തകർ മഹാ വികാസ് അഘാഡി സഖ്യത്തിൽ അസ്വസ്ഥരായിരുന്നു. എം.എൽ.എമാരും അസ്വസ്ഥരായിരുന്നു. സഖ്യകക്ഷിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം വികസന പ്രവർത്തനങ്ങൾ സാധ്യമായില്ലെന്നും ഷിൻഡെ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം തനിക്ക് നൽകിയത് ബി.ജെ.പിയുടെ ഹൃദയ വിശാലതയാണെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
ബി.ജെ.പി ഞങ്ങളെ പിന്തുണച്ചത് സംസ്ഥാനത്ത് അധികാരത്തിൽ വരുന്നതിനാണെന്നാണ് എല്ലാവരും കരുതിയത്. അവർക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനമെന്നും ജനങ്ങൾ കരുതി. ബി.ജെ.പിക്ക് 115 എം.എൽ.എമാരും ഉണ്ട്. എന്നാൽ 50 എം.എൽ.എമാരുടെ മാത്രം പിന്തുണയുള്ള ഞങ്ങൾക്ക് അവർ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു - ഷിൻഡെ പറഞ്ഞു.
സാധാരണ പ്രവർത്തകനിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനം വരെ നൽകിയത് പാർട്ടിയാണെന്നും പാർട്ടി പറയുന്നത് അനുസരിക്കുക എന്നത് തന്റെ കടമയാണെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞതായും ഷിൻഡെ വ്യക്തമാക്കി.
സ്പീക്കർ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ ക്യാമ്പിനെ പിന്തളളി മുന്നിലെത്താനായി. 166 വോട്ടുകളാണ് ഞങ്ങൾക്ക് ലഭിച്ചത്. എതിർ ക്യാമ്പിൽ നിന്ന് വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അത് ഇനിയും കൂടി വരുമെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

