Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right1,000 വർഷം പഴക്കമുള്ള...

1,000 വർഷം പഴക്കമുള്ള ചോള രാജവംശത്തിലെ ചെമ്പ് തകിടുകൾ നെതർലൻഡ്സ് ഇന്ത്യക്ക് കൈമാറി

text_fields
bookmark_border
Chola Copper Plates
cancel

ന്യൂഡൽഹി: പതിനൊന്നാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ചെമ്പ് തകിടുകൾ നെതർലൻഡ്സ് ഇന്ത്യക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ സന്ദ​ർശനത്തിനിടയിലാണ് ചെമ്പ് തകിടുകൾ ഇന്ത്യക്ക് തിരികെ നൽകിയത്. വിദേശത്തായിരുന്ന ഇന്ത്യയുടെ സാംസ്കാരിക പൈതൃകം തിരികെ കൊണ്ടുവരാൻ 2012 മുതൽ രാജ്യം നടത്തിവന്ന 14 വർഷത്തെ നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് ഈ കൈമാറ്റം.

നെതർലൻഡ്‌സിൽ ‘ലൈഡൻ പ്ലേറ്റുകൾ’ എന്നറിയപ്പെടുന്ന ഈ ചെമ്പുതകിടുകൾ പതിനൊന്നാം നൂറ്റാണ്ടിലെ ആനൈമംഗലം ചെമ്പുതകിടുകളാണ്. തമിഴ് പൈതൃകത്തിന്റെ സുപ്രധാന അടയാളങ്ങളിലൊന്നാണ് ഇവ. ഹേഗിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും പങ്കെടുത്തു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും ചോള സാമ്രാജ്യത്തിന്റെ ചരിത്രസ്മരണകൾ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുകയാണെന്നും ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

985നും 1014നും ഇടയിൽ ഭരിച്ചിരുന്ന രാജരാജ ചോളൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്തേതാണ് ഈ ചെമ്പ് ഫലകങ്ങൾ. തമിഴ് പൈതൃകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായാണ് ചരിത്രകാരന്മാർ ഇതിനെ കണക്കാക്കുന്നത്. ഏകദേശം 30 കിലോഗ്രാം ഭാരമുള്ള 21 ചെമ്പ് തകിടുകളാണ് ഈ ശേഖരത്തിലുള്ളത്. രാജകീയ ചോള മുദ്ര പതിച്ച വെങ്കല മോതിരം ഉപയോഗിച്ച് ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

ലിഖിതങ്ങളുടെ ഒരു ഭാഗം സംസ്കൃതത്തിലും മറ്റൊന്ന് തമിഴിലുമാണ് എഴുതിയിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ചോള സാമ്രാജ്യം പുലർത്തിയിരുന്ന വാണിജ്യ, നയതന്ത്ര, മതപരമായ ബന്ധങ്ങളുടെ നേർക്കാഴ്ചയാണ് ഈ ചെമ്പുതകിടുകൾ. ചോള രാജവംശത്തിന്റെ വംശാവലിയും പാരമ്പര്യവും വിവരിക്കുന്ന ചെമ്പുതകിടുകളുടെ ഒരു ഭാഗം സംസ്‌കൃതത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴിലുള്ള മറുഭാഗം മധ്യകാലത്തെ മതസൗഹാർദ്ദത്തിന്റെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും ഉദാത്തമായ മാതൃക വെളിപ്പെടുത്തുന്നു.

രാജരാജ ചോളൻ ഒന്നാമൻ വാമൊഴിയായി പുറപ്പെടുവിച്ച ഉത്തരവ് ആദ്യം ഈന്തപ്പനയോലകളിലാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ രാജേന്ദ്ര ചോളൻ ഒന്നാമൻ ചെമ്പ് തകിടുകളിൽ അവ കൊത്തിവച്ച് സൂക്ഷിച്ചു. ബന്ധന മോതിരത്തിൽ രാജേന്ദ്ര ചോളന്റെ ചിഹ്നം കാണാം.

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന നാഗപട്ടണത്തിൽനിന്ന് ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫ്ലോറെന്റിയസ് കാമ്പർ വഴിയാണ് ഇവ നെതർലാൻഡ്‌സിലേക്ക് കൊണ്ടുപോയത്. പതിറ്റാണ്ടുകളായി ഈ പുരാവസ്തുക്കൾ നെതർലാൻഡ്‌സിലെ സുരക്ഷിത കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetherlandsPM ModiIndiaChola dynasty
News Summary - Netherlands Returns 1,000 Year Old Chola Era Copper Plates To India
Next Story