ന്യൂഡൽഹി: ഇസ്ലാമിക തീവ്രവാദവും അതിെൻറ ഭീകരസംഘങ്ങളും ആഗോളസമാധാനത്തിന് ഭീഷണിയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വിവിധ കോണുകളിൽ നിന്നുള്ള ഇസ്ലാമികതീവ്രവാദ ഭീഷണി നേരിടാൻ ഇന്ത്യയും ഇസ്രായേലും യോജിച്ചു പ്രവർത്തിക്കണമെന്നും ബന്ധം ശക്തിപ്പെടുത്തണമെന്നും പറഞ്ഞ അദ്ദേഹം, ജനാധിപത്യ ശക്തികളുടെ സഖ്യം ഭാവിയിലെ പൊതുലക്ഷ്യം നേടുന്നതിൽ സുപ്രധാനമാണെന്ന് കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയവും ഒബ്സർവർ റിസർച് ഫൗണ്ടേഷനും ചേർന്ന് താജ് പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച മൂന്നാമത് റെയ്സിന ഡയലോഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു നെതന്യാഹു.
ഇന്ത്യ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാകണമെങ്കിൽ നികുതികൾ കുറക്കുകയും ലളിതമാക്കുകയും വേണം. ഒപ്പം, ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കണം. ഇന്ത്യയുടെയും ഇസ്രായേലിെൻറയും പ്രധാന ജോലി ഇതാണ്. അങ്ങനെയാണെങ്കിൽ സംരംഭകർക്ക് തടസ്സങ്ങളില്ലാതെ ബിസിനസുമായി മുന്നോട്ടുപോകാൻ സാധിക്കും.
ലോകം ഉറ്റുേനാക്കുന്നതാണ് ഉയർന്ന ജനസംഖ്യയുള്ള ഇന്ത്യയിലെ ജനാധിപത്യം. മാനവികതയും സ്വാതന്ത്ര്യവുമാണ് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത്. ഇസ്രായേലിലേതുപോലെ അഭിപ്രായ സ്വാതന്ത്ര്യം, ചിന്താശേഷി, വിശ്വാസം എന്നിവയെല്ലാം ഇവിടെ പുലരുന്നു. ബഹുസ്വരതയും വൈവിധ്യവുമാണ് സമൂഹത്തിെൻറ സവിശേഷത. ജനാധിപത്യ മൂല്യങ്ങളാണ് അടിസ്ഥാനം.
ഞാൻ ഇവിടത്തെ ജനങ്ങളുടെ സ്നേഹവും സഹാനുഭൂതിയും കാണുന്നു. ആഗ്രയിലൂടെ നടന്നപ്പോൾ അത് വ്യക്തമായി. ഇന്ത്യ ഇസ്രായേലിനെ വിശ്വസിക്കുന്നതുപോലെ ഇന്ത്യയെ ഞങ്ങളും വിശ്വസിക്കുന്നു. ശക്തിയില്ലാത്തവർ അതിജീവിക്കില്ല. അതിനാൽ നിങ്ങൾ സഖ്യങ്ങളിലൂടെ ശക്തരാകണം ^-നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരും ത്രിദിന സമ്മേളനത്തിെൻറ ഉദ്ഘാടനചടങ്ങിൽ സന്നിഹിതരായി.
ചൊവ്വാഴ്ച നെതന്യാഹുവും ഭാര്യ സാറയും താജ്മഹൽ സന്ദർശിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇരുവരെയും ഖേരിയ വിമാനത്താവളത്തിൽ സ്വീകരിച്ചു. കനത്ത സുരക്ഷയിലായിരുന്നു സന്ദർശനം.