മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു; മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവർത്തിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇറാൻ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ഇന്ത്യയുടെ ആശങ്ക നെതന്യാഹുവിനെ അറിയിച്ചതായി മോദി പറഞ്ഞു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. നേരത്തെ, ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളടക്കം ആശങ്കജനകമായ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇറാനും ഇസ്രായേലും ഏറ്റുമുട്ടൽ ഉപേക്ഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
മേഖലയിലെ ഇന്ത്യക്കാർക്ക് മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. സുരക്ഷിതമായിരിക്കാനും പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷ ഉപദേശങ്ങൾ പാലിക്കാനും നിർദേശിച്ചു. ഇറാനെതിരായ ആക്രമണത്തിൽ അന്താരാഷ്ട്ര പിന്തുണ തേടിയാണ് നെതന്യാഹു മോദിയിൽ വിളിച്ചത്. ജർമൻ ചാൻസലർ ഫ്രീഡ്റിച്ച് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ തുടങ്ങിയ രാഷ്ട്ര നേതാക്കളുമായും നെതന്യാഹു ഫോണിൽ സംസാരിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, യു.കെ പ്രധാനമന്ത്രി കെയ്ർ സ്ട്രാമർ തുടങ്ങിയ നേതാക്കളുമായും നെതന്യാഹു ബന്ധപ്പെടും.
ഇറാന്റെ ഉന്മൂലന ഭീഷണിയെ ഇസ്രായേൽ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ രാഷ്ട്ര നേതാക്കൾക്ക് കഴിഞ്ഞതായി നെതന്യാഹു പറഞ്ഞു. വരും ദിവസങ്ങളിലും നേതാക്കളുമായി ബന്ധപ്പെടുന്നത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

