‘ബി.ജെ.പിയും ടി.എം.സിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ’: തൃണമൂൽ കോൺഗ്രസ് വിട്ട് നേതാജിയുടെ ബന്ധു ചന്ദ്രകുമാർ ബോസ്
text_fieldsചന്ദ്രകുമാർ ബോസ്
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവായ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസ് അംഗത്വം രാജിവെച്ചു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്നും ബി.ജെ.പിയും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും വ്യക്തമാക്കിയാണ് ചന്ദ്രകുമാർ ബോസ് രാജിവെച്ചത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, വെറും നാല് മാസം മുമ്പാണ് അദ്ദേഹം ടി.എം.സിയിൽ ചേർന്നത്.
ഫോർവേഡ് ബ്ലോക്ക്, ബി.ജെ.പി, ടി.എം.സി എന്നിവയിലെല്ലാം താൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ചന്ദ്രബോസ് പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലെല്ലാം തനിക്ക് നിരാശ തോന്നിയിട്ടുണ്ട്. അവയെല്ലാം ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധ്രുവീകരണത്തിന്റെയും ഏറ്റുമുട്ടലുകളുടെയും രാഷ്ട്രീയത്തിന് ബദലായി പുതിയൊരു രാഷ്ട്രീയ പ്ലാറ്റ്‌ഫോം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാജിയുടെ ആദർശങ്ങളെ അടിസ്ഥാനമാക്കി യുവാക്കളുടെ നേതൃത്വത്തിലുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇനി മുതൽ താൻ മാർഗനിർദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മതേതരത്വം, സാമൂഹിക നീതി, വികസനം, എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയത എന്നീ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി നേതാജിയുടെ തത്വങ്ങളിൽ അടിയുറച്ച ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നേതാജിയുടെ ആദർശങ്ങൾ പിന്തുടർന്ന് ഒന്നിച്ചുചേരുന്ന യുവാക്കൾക്ക് താൻ വഴികാട്ടിയാകും’- ബോസ് കൂട്ടിച്ചേർത്തു. എന്നാൽ ചന്ദ്രകുമാർ ബോസിന്റെ രാജിയെ സംബന്ധിച്ച് ടി.എം.സി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേതാജി സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കുമായാണ് ചന്ദ്രബോസ് ആദ്യം രാഷ്ട്രീയത്തിൽ സഹകരിച്ചിരുന്നത്. പിന്നീട് 2016ൽ പശ്ചിമ ബംഗാളിൽ സ്വാധീനം വ്യാപിപ്പിക്കാൻ ശ്രമിച്ച ബി.ജെ.പിയിൽ ചേരുകയും പാർട്ടി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനാകുകയും ചെയ്തു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. എന്നാൽ പിന്നീട് പാർട്ടി നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളാകുകയും, 2020ൽ നടന്ന പുനഃസംഘടനയിൽ അദ്ദേഹത്തെ സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന്, നേതാജിയുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ പാർട്ടിക്ക് സാധിച്ചില്ല എന്ന് ആരോപിച്ചുകൊണ്ട് 2023ൽ അദ്ദേഹം ബി.ജെ.പി വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

