കെ.ഐ.ഐ.ടിയിലെ നേപ്പാളി വിദ്യാർഥിനിയുടെ ആത്മഹത്യ; സ്ഥാപനത്തിനെതിരെ ആരോപണവുമായി പിതാവ്
text_fieldsന്യൂഡൽഹി: ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ (കെ.ഐ.ഐ.ടി) നേപ്പാളി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്ഥാപനത്തിനെതിരെ ആരോപണവുമായി പിതാവ്. ആത്മഹത്യ ചെയ്ത മൂന്നാം വർഷ ബി.ടെക് വിദ്യാർത്ഥിയായ പ്രകൃതി ലംസൽ പീഡനത്തിനും ഭീഷണിപ്പെടുത്തലിനും വിധേയയായി എന്നാണ് പിതാവ് സുനിൽ ലാംസൽ ആരോപിക്കുന്നത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പിതാവ് പറയുന്നു.
"അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമേ ഞങ്ങൾക്ക് അറിയൂ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ വരും. അവളെ സഹപാഠി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നും ഞങ്ങൾക്ക് വിവരമുണ്ട്" -ലാംസൽ പറഞ്ഞു.
പെൺകുട്ടിയുടെ ഫോൺ, ലാപ്‌ടോപ്പ്, ഡയറി എന്നിവ ഫോറൻസിക് വകുപ്പിന് നൽകിയിട്ടുണ്ടെന്നും സുനിൽ ലാംസൽ പറഞ്ഞു. മരണത്തിൽ പ്രതിഷേധിച്ച ചില വിദ്യാർഥികളോട് കാമ്പസ് വിടാൻ ആവശ്യപ്പെട്ടതായി വന്ന റിപ്പോർട്ടുകൾ തന്നെ അസ്വസ്ഥനാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒഡീഷ സർക്കാറിലും പൊലീസിലും വിശ്വാസം ഉണ്ടെന്നും സർക്കാർ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് വ്യക്തമാക്കി.
ഹോസ്റ്റല്‍ മുറിയിലാണ് പ്രകൃതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹപാഠി തന്നെ ഉപദ്രവിക്കുന്നുവെന്ന് വിദ്യാര്‍ഥിനി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് നേപ്പാള്‍ പൗരന്മാരായ വിദ്യാർഥികള്‍ ആരോപിച്ചു.
പ്രതിഷേധിച്ച നേപ്പാള്‍ സ്വദേശികളായ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് പോകാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധിച്ച നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ഥികളെ അധികൃതര്‍ ബലമായി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടതായും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

